പൂരം കലക്കൽ; എഡിജിപിക്കെതിരേ സർക്കാരിന് നടപടി സ്വീകരിക്കാമെന്ന് ആഭ്യന്തര സെക്രട്ടറി
Thursday, July 17, 2025 2:02 AM IST
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സംഭവത്തിൽ എഡിജിപി എം.ആർ. അജിത്ത്കുമാർ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ, അദ്ദേഹത്തിനെതിരേ സർക്കാരിന് യുക്തമായ അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി.
രണ്ടാഴ്ച മുൻപു മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സമർപ്പിച്ച ഡിജിപിയുടെ റിപ്പോർട്ടിനൊപ്പമുള്ള ശിപാർശയിലാണ് ഇക്കാര്യം പറയുന്നത്. തൃശൂർ പൂരത്തിന്റെ ചുമതലയുണ്ടായിരുന്ന റവന്യു മന്ത്രി തുടർച്ചയായി വിളിച്ചിട്ടും ഫോണ് എടുക്കാതിരുന്നതു വഴി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കു ഗുരുതര വീഴ്ചയുണ്ടായതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ഷെയ്ക് ദർബേഷ് സാഹിബ് സർവീസിൽ നിന്നു വിരമിക്കുന്നതിനു തൊട്ടുമുൻപാണ് എഡിജിപിയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്. ഡിജിപിയുടെ റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ടാണ് ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശകളുമുള്ളത്. ഇനി മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ തുടർ തീരുമാനം എടുക്കേണ്ടത്.
പൂരം അലങ്കോലമാകുന്ന സ്ഥിതിയാണെന്ന് എഡിജിപിയെ ബോധ്യപ്പെടുത്താൻ മന്ത്രി കെ. രാജൻ നിരന്തരം ഫോണ് വിളിച്ചിട്ടും എടുക്കാതിരുന്നതു വഴി എഡിജിപി ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി ഡിജിപിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.