എൻസിപിയിൽ തർക്കം: ശശീന്ദ്രനും തോമസും എംഎൽഎസ്ഥാനം ഒഴിയണമെന്ന് അജിത് പവാർ പക്ഷം
Wednesday, July 16, 2025 1:51 AM IST
തിരുവനന്തപുരം: എൻസിപിയുടെ ഔദ്യോഗിക പക്ഷമായി തങ്ങളെ തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിച്ച സാഹചര്യത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് എൻസിപി അജിത് പവാർ പക്ഷം.
ശരദ് പവാറിനൊപ്പമെങ്കിൽ എംഎൽഎ സ്ഥാനം ഉടൻ രാജിവയ്ക്കണമെന്നും അല്ലെങ്കിൽ അയോഗ്യരാക്കുമെന്നും അറിയിച്ച് ഇരുവർക്കും പ്രഫുൽ പട്ടേൽ നേരത്തേ കത്തയച്ചിരുന്നു.
എൻസിപി സ്ഥാനാർഥികളായി ക്ലോക്ക് ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഇരുവരും എൻസിപി പരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിൽ ശശീന്ദ്രനെയും തോമസിനെയും അയോഗ്യരാക്കണമെന്നു കാണിച്ചു സ്പീക്കർക്കു കത്തു നൽകുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റും ദേശീയ ജനറൽ സെക്രട്ടറിയുമായ എൻ.എ. മുഹമ്മദ്കുട്ടി പറഞ്ഞു.
എന്നാൽ, തങ്ങളോട് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ട പ്രഫുൽ പട്ടേൽ എൻസിപി ഭരണഘടന വായിച്ചു നോക്കണമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. പാർട്ടി ഭരണഘടന പ്രകാരം വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ഇല്ല. ഇല്ലാത്ത പദവിയുടെ പേരിൽ അധികാരം പ്രയോഗിക്കാൻ കഴിയില്ല. തനിക്കോ തോമസ് കെ. തോമസിനോ കത്തയയ്ക്കാൻ പ്രഫുൽ പട്ടേലിനു കഴിയില്ല. അതിനാൽ അദ്ദേഹത്തിന്റെ കത്ത് ഗൗരവമായി എടുക്കുന്നില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
അജിത് പവാർ പക്ഷത്തെ ഔദ്യോഗിക പക്ഷമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.