അവധി അപേക്ഷകളിലും പിടിമുറുക്കി ഹൈക്കോടതി; ന്യായാധിപർ അസംതൃപ്തിയിൽ
Tuesday, July 15, 2025 2:51 AM IST
നവാസ് മേത്തർ
തലശേരി: ന്യായാധിപന്മാർക്ക് കേസുകൾ തീർപ്പാക്കുന്നതിൽ ടാർജറ്റ് നിശ്ചയിച്ചു നൽകിയതിനു പിന്നാലെ അവധി അപേക്ഷകളിലും പിടിമുറുക്കി ഹൈക്കോടതി. ഇനി മുതൽ ന്യായാധിപന്മാരുടെ അവധി അപേക്ഷയിൽ ജോലിയിലെ മികവും വിലയിരുത്തപ്പെടും. കഴിഞ്ഞ ദിവസം ഹൈക്കോടതി രജിസ്ട്രാർ പുറത്തിറക്കിയ ഇതു സംബന്ധിച്ച ഉത്തരവ് വൻ വിവാദത്തിലേക്ക് നീങ്ങുകയാണ്.
കാഷ്വൽ അവധി ഒഴികെയുള്ള അവധി അപേക്ഷകൾ നൽകുമ്പോൾ പരിഗണിച്ച കേസുകൾ, പഴയ കേസുകൾ തീർപ്പാക്കുന്നതിൽ കാണിച്ച മികവ്, കഴിഞ്ഞ രണ്ട് വർഷത്തെ അവധി ഉപയോഗത്തിന്റെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തണമെന്നാണ് മജിസ്ട്രേറ്റ് മുതൽ ജില്ലാ സെഷൻസ് ജഡ്ജിമാർ വരെയുള്ളവർക്ക് നൽകിയിട്ടുള്ള നിർദേശം. അവധി അപേക്ഷകളിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാർ, ചീഫ് ജുഡീഷൽ മജിസ്ട്രേറ്റുമാർ എന്നിവർ അവരുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തണം.
കേസ് തീർക്കുന്നതിൽ ടാർജറ്റ് നിശ്ചയിച്ചതിനു പിന്നാലെ അവധി അപേക്ഷകളിലും ഹൈക്കോടതി പിടിമുറുക്കിയത് ന്യായാധിപന്മാർക്കിടയിൽ വലിയ അസംതൃപ്തിക്ക് ഇടയാക്കിയിരിക്കുകയാണ്.
ജുഡീഷൽ ഓഫീസർമാർക്ക് നിയമപരമായി ലഭിക്കുന്ന വിവിധ അവധികൾ ദുരുപയോഗം ചെയ്യുന്നതു തടയാനാണ് പുതിയ ഉത്തരവിലൂടെ ഹൈക്കോടതി ലക്ഷ്യമിടുന്നതെന്നാണ് സൂചന.
എന്നാൽ, ഇപ്പോൾ പുറത്തുവന്നിട്ടുള്ള നിബന്ധനകൾ നിയമപരമായി നിലനിൽക്കുന്നതെല്ലെന്ന വാദവും ഉയരുന്നുണ്ട്. അർഹതപ്പെട്ട അവധികൾ നൽകാതിരിക്കാനാണ് ശ്രമം നടക്കുന്നതെന്നും കേരള സർവീസ് റൂൾസിന് വിരുദ്ധമായ കാര്യങ്ങളാണ് നടപ്പാക്കുന്നതെന്നും ആക്ഷേപമുണ്ട്.
ജുഡീഷൽ ഓഫീസർമാരുടെ പ്രകടനം വിലയിരുത്താൻ അവധി അപേക്ഷകൾ ഉപയോഗിക്കുന്നത് കേട്ടു കേൾവിയില്ലാത്ത നടപടിയാണ്.
ന്യായാധിപന്മാരുടെ നീതി നിർവഹണം സംബന്ധിച്ച് പ്രതിമാസ വിവരം നിലവിൽ സമർപ്പിക്കുന്നുണ്ട്. കൂടാതെ, വാർഷികവിവരങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാത്രവുമല്ല, ന്യായാധിപന്മാരുടെ നീതി നിർവഹണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ കോടതി ജീവനക്കാർ, അഭിഭാഷകരുടെ സാന്നിധ്യം ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് നടക്കുക.
ഇത്തരം ഒരു സാഹചര്യത്തിൽ അവധി ഉപയോഗിക്കുന്നതിന് നിബന്ധനകൾ ചുമത്തിയത് ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.