ആശുപത്രി മാലിന്യ സംസ്കരണം: 15.55 കോടിയുടെ പദ്ധതി
ബിനു ജോര്‍ജ്
Monday, July 14, 2025 3:20 AM IST
കോഴിക്കോട്: ആശുപത്രി മാലിന്യം തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ കൊണ്ടുപോയി തള്ളിയ സംഭവം ദേശീയ തലത്തില്‍ കേരളത്തിനു നാണക്കേട് സൃഷ്ടിച്ചതിനുപിന്നാലെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിനായി 15.55 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ (ഡിഎംഇ) നല്കിയ നിര്‍ദേശപ്രകാരമാണ് ഹോസ്പിറ്റല്‍ വേസ്റ്റ് മാനേജ്മെന്റ് പദ്ധതിക്കു സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
കോഴിക്കോട്, മഞ്ചേരി, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, ഇടുക്കി, എറണാകുളം, കൊല്ലം, കണ്ണൂര്‍, കാസർഗോഡ്, വയനാട്, കോന്നി എന്നീ മെഡിക്കല്‍ കോളജുകള്‍ക്കും തിരുവനന്തപുരം റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്മോളജിക്കുമായാണ് 15.55 കോടി രൂപയുടെ മാലിന്യ സംസ്കരണ പദ്ധതി. മാലിന്യവുമായി പോകുന്ന വാഹനങ്ങളുടെ നീക്കം തത്സമയം ജിപിഎസ് സംവിധാനത്തിലൂടെ നിരീക്ഷിക്കാനുതകുന്ന ബാര്‍കോഡ് പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ക്കാണു തുക ഉപയോഗിക്കുക.
മാലിന്യം സംസ്കരിക്കുന്ന പൊതു ബയോ മെഡിക്കല്‍ സംസ്കരണ സ്ഥാപനങ്ങളായ ഇമേജ്, കെയ്ല്‍ എന്നിവയ്ക്കുള്ള പ്രതിഫലം, മാലിന്യം വേര്‍തിരിക്കല്‍ ബാഗുകള്‍ വാങ്ങല്‍, ബയോഗ്യാസ് പ്ലാന്റുകളുടെ പ്രവര്‍ത്തന, പരിപാലന ചെലവുകള്‍, സുരക്ഷാ ഉപകരണങ്ങള്‍, ശുചീകരണ സാമഗ്രികള്‍, യന്ത്രങ്ങള്‍, മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവര്‍ത്തനവും പരിപാലനവും, നാപ്കിന് ഡിസ്ട്രോയര്‍, ഹൈ പ്രഷര്‍ ജെറ്റ് വാഷര്‍, ക്ലോറിന്‍, സ്ക്രബ്ബര്‍ ഡ്രൈവറിനായുള്ള സ്പെയര്‍ പാര്‍ട്സുകള്‍, എയറോബിക് കമ്പോസ്റ്റ് ബിന്‍ പരിപാലനം, വിവിധ നിറങ്ങളിലുള്ള ബയോമെഡിക്കല്‍ വേസ്റ്റ് സെഗ്രഗേഷന്‍ ബാഗുകള്‍, ഷാര്‍പ്പ് കണ്ടെയ്നറുകള്‍, സൂചി നീക്കം ചെയ്യുന്നതിനുള്ള കണ്ടെയ്നറുകള്‍, ക്ലീനിംഗ് മെഷീന് സ്പെയര്‍ പാര്‍ട്സുകള്‍, വാക്വം ക്ലീനര്‍, ഫോഗിംഗ് മെഷീന്, ഇന്‍സിനറേറ്റര്‍ നവീകരണം, ബോട്ടില്‍ ശേഖരണ യൂണിറ്റ്, സര്‍ജിക്കല്‍ ബ്ലേഡ്, സൂചി തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനുള്ള കണ്ടെയ്നറുകള്‍, വൈറ്റ് ടാംപര്‍ പ്രൂഫ് കണ്ടെയ്നര്‍ തുടങ്ങിയവയ്ക്കും തുക ചെലവഴിക്കാന്‍ അനുമതിയുണ്ട്.
സംസ്ഥാനത്ത് ആശുപത്രി മാലിന്യങ്ങളുടെ ശേഖരണം, സംസ്കരണം എന്നിവ ഉറപ്പാക്കുന്നതിനുള്ള ചുമതല ആരോഗ്യ വകുപ്പിനാണ്. പ്രതിദിനം 84 ടണ്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ളതാണ് ഇമേജ്, കെയ്ല്‍ എന്നീ സ്ഥാപനങ്ങളുടെ സംവിധാനങ്ങള്‍.
തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ നിന്നുള്ള മാലിന്യം തമിഴ്നാട്ടില്‍ തള്ളിയതു വിവാദമായതോടെ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസെടുത്ത് സംസ്ഥാന സര്‍ക്കാരിനു നോട്ടീസ് നല്‍കിയിരുന്നു. മാലിന്യം തിരുനെല്വേലിയില്നിന്നു കേരളത്തിലേക്കു തിരിച്ചു കൊണ്ടുവന്ന് സംസ്കരിക്കേണ്ടിയും വന്നു.
‘ആരോഗ്യ, ശുചിത്വ കേരള’ത്തിന് ഈ സംഭവം മാനക്കേട് സൃഷ്ടിച്ച സാഹചര്യത്തില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഉറവിടം മുതല്‍ സംസ്കരണം വരെ തത്സമയം നിരീക്ഷിക്കുന്നതിനു കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ബാര്‍ കോഡ് അധിഷ്ഠിതമായ ബയോ മെഡിക്കല്‍ മാനേജ്മെന്റ് സിസ്റ്റം മുഖേനെ ബന്ധിപ്പിച്ച് ഓരോ മാലിന്യ ബാഗിന്റെയും തത്സമയ നീക്കം നിരീക്ഷിക്കാനുള്ള ഓണ്‍ലൈന്‍ വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനം ട്രയല്‍ റണ്ണിലാണ്. മാലിന്യവാഹനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്നുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ ജിപിഎസ് സംവിധാനത്തിലൂടെ അറിയാന്‍ കഴിയും.