നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് കെ. സി. വേണുഗോപാല്‍ എംപി
Sunday, July 13, 2025 12:02 AM IST
കൊല്ലം: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്ന് കെ.സി. വേണുഗോപാല്‍ എംപി. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലുദിവസം മാത്രമാണ് ഇനി മുന്നിലുള്ളതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും വേണുഗോപാല്‍ പറഞ്ഞു.
സർക്കാരുകളുടെ ആത്മാർഥ ഇടപെടൽ ഉണ്ടാകണം. കേന്ദ്രസർക്കാരിന്റെ നയതന്ത്ര തലത്തിലും അതിനപ്പുറത്തേക്കുള്ള ഇടപെടലുകൾ ഈ വിഷയത്തിൽ ഉണ്ടാകണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചിരുന്നു.
അടിയന്തരമായി സംസ്ഥാന മന്ത്രിതല സംഘം പ്രധാനമന്ത്രിയെ കാണണമെന്നും ഒരു ജീവന്റെ പ്രശ്നമാണ് എന്ന പരിഗണനയില്‍ മുഖ്യമന്ത്രി കൂടുതല്‍ ഗൗരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.