സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കുഞ്ഞാലിക്കുട്ടി
Saturday, July 12, 2025 2:45 AM IST
മലപ്പുറം: സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കീമുമായി ബന്ധപ്പെട്ട് പരിഷ്കാരം നടത്തുന്പോൾ നല്ല ആലോചന വേണം.
വിഷയം കൈകാര്യം ചെയ്ത രീതി മോശമായിപ്പോയി. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാർഥികളാണ്. തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സർക്കാരാണ്.
ഉന്നത വിദ്യാഭ്യാസ രംഗം ആകെ പ്രശ്നമാണ്. ഒരു വശത്ത് ഗവർണറുടെ കാവിവത്കരണം. അതിനെ നേരിടുന്ന രീതി ശരിയല്ല. കായികമായി നേരിട്ടാൽ കാര്യം നടക്കില്ല.
തമിഴ്നാട് ഗവർണറെ നേരിടുന്നത് മാതൃകയാക്കാം. കാന്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. ഇപ്പോൾ മാഫിയ ഭരണം പോലെയായി. പിന്നെ എങ്ങനെ കുട്ടികൾ നാട് വിടാതിരിക്കും? സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് ജനാധിപത്യപത്യ വിരുദ്ധ നിലപാട് എടുത്തത് സർക്കാരാണ്. മദ്രസ - സ്കൂൾ പഠനം ക്ലാഷ് ഇല്ലാതെ കൊണ്ടുപോകണം. ഒരു ചർച്ച നടത്തിയാൽ ഇത് തീരുമായിരുന്നു.
സമസ്ത ഉയർത്തിയത് ന്യായമായ ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഒരു കാര്യവും ഏകപക്ഷീയമാകരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.