വിദ്യാര്‍ഥികളുടെ സുരക്ഷ: ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിക്കണമെന്ന് ഹൈക്കോടതി
Saturday, July 12, 2025 2:46 AM IST
കൊച്ചി: സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര മാര്‍ഗനിര്‍ദേശം രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറി ഉടന്‍ ഉന്നതതല യോഗം വിളിക്കണമെന്ന് ഹൈക്കോടതി.
യോഗത്തില്‍ വിദ്യാഭ്യാസ, തദ്ദേശ, ആരോഗ്യ, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെയടക്കം പങ്കെടുപ്പിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശിപാര്‍ശകള്‍ നല്‍കണം. മാര്‍ഗരേഖയുടെ കരട് 28ന് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂളില്‍വച്ച് വിദ്യാര്‍ഥിനി പാന്പുകടിയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ചതും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. കുളത്തൂര്‍ ജയ്സിംഗ് നല്കിയതുമായ ഹര്‍ജികളാണു കോടതി പരിഗണിച്ചത്.
ചീഫ് സെക്രട്ടറി യോഗം വിളിച്ചു കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കോടതി പ്രതീക്ഷിച്ചിരുന്നതായി ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് ഉണ്ടാകാതിരുന്നതില്‍ അതൃപ്തിയും അറിയിച്ചു.