വോട്ടർപട്ടിക അട്ടിമറിക്കാൻ സിപിഎം ശ്രമം: ബിജെപി
Saturday, July 12, 2025 2:45 AM IST
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക അട്ടിമറിക്കാൻ സിപിഎം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.
തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്നിൽ നിർത്തിയാണ് സിപിഎമ്മിന്റെ നിഴൽയുദ്ധം. വോട്ടർപട്ടിക അനന്തമായി നീണ്ടു പോവുകയാണ്. ഇതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ട്. വോട്ടർ പട്ടിക പുതുക്കുന്ന പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു.
വോട്ടർ സൗഹൃദ നടപടികൾ കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടതുണ്ട്. വോട്ടിംഗ് പ്രക്രിയയിൽ നിന്നും വോട്ടർമാരെ പരമാവധി അകറ്റിനിർത്താൻ ശ്രമം നടക്കുകയാണ്. പുതിയ കാലത്ത് വോട്ടു ചേർക്കാൻ ഫിസിക്കൽ ഹിയറിംഗിനുവേണ്ടി ഹാജരാവണം എന്നത് അപ്രായോഗികമാണെന്നും രമേശ് പറഞ്ഞു.