"എൻജി. പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം'കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്
Saturday, July 12, 2025 2:45 AM IST
കൊച്ചി: കേരളത്തിലെ എൻജിനിയറിംഗ് പ്രവേശനനടപടികള്‍ ത്വരിതപ്പെടുത്തി വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കണമെന്നു കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്.
ഇത്തവണത്തെ എൻജിനിയറിംഗ് പ്രവേശന നടപടികളുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജ്മെന്റിനും സൃഷ്ടിച്ചിരിക്കുന്ന മാനസിക സമ്മര്‍ദങ്ങളും ബുദ്ധിമുട്ടുകളും വളരെ വലുതാണ്.
പുതുതലമുറ നാടുവിട്ടുപോകുന്ന സാഹചര്യം ഭരണസംവിധാനത്തിലെ ഉത്തരവാദപ്പെട്ടവര്‍തന്നെ ബോധപൂര്‍വം സൃഷ്ടിക്കുന്നതും ഈ വിഷയത്തെ നിസാരവത്കരിക്കുന്നതും വലിയ വിദ്യാഭ്യാസപ്രതിസന്ധികള് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ക്ഷണിച്ചുവരുത്തും.
എഐസിടിഇ അംഗീകാരം നല്കിയ പുതിയ കോഴ്സുകള്‍ക്ക് സാങ്കേതിക സര്‍വകലാശാലയുടെ വീഴ്ചകളും കെടുകാര്യസ്ഥതയും മൂലം സംസ്ഥാനത്ത് അംഗീകാരം നല്‍കാതെയും പ്രവേശന കമ്മീഷണറുടെ അലോട്ട്മെന്റില്‍ നിലവില്‍ ഉള്‍പ്പെടുത്താതെയുമിരിക്കുന്നത് നീതിനിഷേധമാണ്. ഇതിനെതിരേ കോടതിയെ സമീപിക്കാന്‍ മാനേജ്മെന്റുകളെ നിര്‍ബന്ധമാക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഈ നിലപാട് തിരുത്തണം.
പ്രവര്‍ത്തനമികവുകൊണ്ട് യുജിസി സ്വയംഭരണ അംഗീകാരം നല്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുദിന പ്രവര്ത്തനങ്ങളിന്മേല് നിയമവിരുദ്ധ നിയന്ത്രണങ്ങളും സാമ്പത്തികബാധ്യതയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരേ കോടതിയെ സമീപിക്കേണ്ട സ്ഥിതിവിശേഷമാണുള്ളത്.
വിവിധ രാജ്യങ്ങളിലെ സര്‍വകലാശാലകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരുമായി സഹകരിച്ചുള്ള വിദ്യാഭ്യാസ പദ്ധതികള്‍ കാത്തലിക് എൻജിനിയറിംഗ് കോളജുകളില്‍ കൂടുതല്‍ സജീവമാക്കാനും കൊച്ചി രാജഗിരി എൻജിനിയറിംഗ് കോളജില്‍ നടന്ന അസോസിയേഷൻ സമ്മേളനം തീരുമാനിച്ചു.
അസോസിയേഷന് പ്രസിഡന്റ് ഫാ. ജോണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ. ഡോ. ജോസ് കുറിയേടത്ത് ആമുഖപ്രഭാഷണവും എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തി.
ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഫാ. ആന്റണി അറയ്ക്കല്‍, റവ. ഡോ. റോയി പഴേപറമ്പില്‍, റവ. ഡോ. ജോസ് കണ്ണമ്പുഴ, ഫാ. ജസ്റ്റിന് ആലുക്കല്‍, ഫാ. ജോണ്‍ പാലിയക്കര, ഫാ. എ.ആര്. ജോണ്‍, ഫാ. ആന്റോ ചുങ്കത്ത്, റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്, റവ. ഡോ. ജെയ്സണ്‍ മുളരിക്കല്‍, ഫാ. ജോജോ അരീക്കാടന്‍, ഡോ. വി.പി. ദേവസ്യ, ഡോ. എ. സാംസണ് എന്നിവര്‍ പ്രസംഗിച്ചു.