ജലന്ധര്‍ രൂപതയ്ക്ക് ഇത് അനുഗ്രഹവേള
Saturday, July 12, 2025 2:46 AM IST
പഞ്ചാബ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ വിസ്തൃതമായ ജലന്ധര്‍ രൂപതയുടെ ബിഷപ്പായി പാലാ രൂപത ചെമ്മലമറ്റം ഇടവകാംഗമായ റവ. ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ ഇന്നു രാവിലെ 9.30ന് അഭിഷിക്തനാകുകയാണ്.നിയുക്ത ബിഷപ് ദീപികയോടു സംസാരിക്കുന്നു.
? രൂപതയുടെ പ്രവര്‍ത്തനം എങ്ങനെ ഏകോപിപ്പിക്കും
ചുമതലയേല്‍ക്കുമ്പോള്‍ പ്രത്യേകമായൊരു പദ്ധതി മനസിലില്ല. ഇതൊരു ദൈവിക പദ്ധതിയാണെന്ന് ഞാന്‍ കരുതുന്നു. വലിയൊരു ഇടവേളയ്ക്കുശേഷമാണ് ജലന്ധറില്‍ ഇത്തരത്തില്‍ ഒരു നിയമനമുണ്ടാകുന്നത്. നിലവിലെ സാഹചര്യത്തില്‍ രൂപതാ ഭരണം എങ്ങനെ കൂടുതല്‍ ഭംഗിയായാക്കാമെന്നാണ് ചിന്തിക്കുന്നത്. അതിന്റെ ഭാഗമായാണ് എന്റെ നിയമനവും. താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തിപ്പെടുത്താനുണ്ട്. ഇടവകകളുടെ പ്രവര്‍ത്തനത്തിലും ശക്തീകരണം വേണം. കുടുംബങ്ങളെ വിശുദ്ധീകരിച്ച് അതിലൂടെ സഭയെ ശക്തിപ്പെടുത്താനാണ് ആഗ്രഹം.
രണ്ടു സംസ്ഥാനങ്ങളില്‍ 16 ജില്ലകളിലായി ഒന്നേകാല്‍ ലക്ഷം കത്തോലിക്കരുണ്ട്. ഓരോ വൈദികനും വിവിധ തരത്തിലും തലത്തിലുമുള്ള ചുമതലകള്‍ വഹിക്കേണ്ടതുണ്ട്. ഞാന്‍ മുന്‍പ് രൂപതയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയും ഇടവകയില്‍ വികാരിയും സ്കൂള്‍ മാനേജര്‍ ജോലിയും ഒരേസമയം വഹിച്ചിരുന്നു. എല്ലാ വൈദികര്‍ക്കും വലിയ ജോലിഭാരമുണ്ട്. ഹിമാചല്‍ പ്രദേശില്‍ ആറു പള്ളികളേയുള്ളൂ. അവിടെ ഒസിഡി സഭയ്ക്ക് സ്ഥാപനങ്ങളുണ്ട്.
? ജലന്ധറിലെ ക്രൈസ്തവജീവിതം
പഞ്ചാബികള്‍ പൊതുവെ വൈകാരികമായി പെരുമാറുന്നവരാണ്. വിശ്വാസം ഉള്ളില്‍ മാത്രമല്ല പുറമെയും പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. പരമ്പരാഗത രീതിയിലുള്ള പള്ളി ശുശ്രൂഷ അവര്‍ക്ക് സ്വീകര്യമാവില്ല. ഇടവക വൈദികരുടെ പ്രസംഗം ഏഴു മിനിറ്റില്‍ കൂടരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. എന്നാല്‍ പഞ്ചാബില്‍ ഏഴു മിനിറ്റ് പ്രസംഗം അവര്‍ക്കു പോരാ. അവര്‍ പള്ളിയില്‍ വരുന്നത് വചനവും വചനവ്യാഖ്യാനവും കേള്‍ക്കാനാണ്. എത്ര സമയം പ്രഘോഷിച്ചാലും അവര്‍ക്ക് സന്തോഷം.
നല്ല പ്രസംഗവും ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തിയ വചനവ്യാഖ്യാനങ്ങളും അവര്‍ ആഗ്രഹിക്കുന്നു. പാട്ടും നൃത്തവും സ്തുതിപ്പുകളും അവര്‍ക്ക് വേണം. കത്തോലിക്കാ സഭ ഇത്ര പ്രബലമാകുന്നതിനു മുന്‍പ് രക്ഷാസൈന്യം പോലുള്ള കൂട്ടായ്മ അവിടെയുണ്ടായിരുന്നു. നിലവില്‍ 140 ഇടവകകളുണ്ട്. ഇടവകയായി ഉയർത്തേണ്ട നിരവധി കുരിശുപള്ളികളുണ്ട്. മൂന്നിടത്ത് പള്ളിപണി നടക്കുന്നു. പുതിയ സ്കൂളുകള്‍ നിര്‍മിക്കുന്നു. ചില പള്ളികള്‍ പുതുക്കിപ്പണിയുന്നു.
? തീവ്രവാദ ശക്തികളുടെ പ്രവര്‍ത്തനം
തീവ്ര ഹിന്ദുത്വ ശക്തികളുടെ കടന്നുകയറ്റം ജലന്ധറില്‍ കുറവാണ്. അടുത്തനാളില്‍ മാതാവിന്റെ രൂപം തകര്‍ത്ത ഒരു സംഭവമുണ്ടായി. അത് ഒറ്റപ്പെട്ട സംഭവമായിരുന്നു. തിരിച്ചറിവില്ലാതെ സംഭവിച്ചതാണ്.
? സഭയുടെ സംഭാവനകള്‍
ക്രൈസ്തവസാന്നിധ്യവും ജലന്ധര്‍ രൂപതാ പ്രവര്‍ത്തനവും വികസനത്തില്‍ വലിയ സംഭാവനയാണ് പഞ്ചാബിനു നല്‍കിയത്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റവും വളര്‍ച്ചയുമുണ്ടാക്കാന്‍ സാധിച്ചു.
ഗ്രാമീണ, പിന്നാക്ക മേഖലയില്‍ വിദ്യാഭ്യാസം എത്തിക്കാന്‍ രൂപതയും സഭയും വലിയ പങ്കു വഹിച്ചു. ഇതിലൂടെ പഞ്ചാബ് വലിയ വളര്‍ച്ച നേടി. പഞ്ചാബില്‍ ദൈവവിളി വര്‍ധിക്കുന്നുണ്ട്. ഇരുപതിലധികം പേര് അവിടെനിന്ന് വൈദികരായി. നിരവധി സസ്റ്റേഴ്സുമുണ്ട്.
? പഞ്ചാബില്‍നിന്നുള്ള കുടിയേറ്റം
കേരളത്തിലേതുപോലെ പഞ്ചാബിലും കുടിയേറ്റമുണ്ട്. അവിടത്തെ ചെറുപ്പക്കാര്‍ ജോലി തേടിപ്പോയി തിരിച്ചെത്തി വലിയ വീടുണ്ടാക്കും. സംരംഭങ്ങള്‍ തുടങ്ങും. പിന്നീട് അവര്‍ തിരിച്ചു പോകും. അവരുടെ വീടു നോക്കി പരിപാലിക്കാന്‍ മറ്റു സംസ്ഥാനക്കാരെ നിയമിക്കും. ചില പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള ഒട്ടേറെ വീടുകള്‍ കാണാം.
? ഖലിസ്ഥാന്‍ ഭീഷണി
ഖലിസ്ഥാന്റെ തുടക്കകാലത്തൊന്നും ക്രൈസ്തവര്‍ക്കു പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത കാലത്ത് ഈ ബന്ധത്തിന് ഇടര്‍ച്ചയുണ്ടായിട്ടുണ്ട്. ശത്രുത വച്ചുപുലര്‍ത്തുന്നുവെന്നു മാത്രമല്ല ചിലര്‍ ക്രൈസ്തവരെ ഉന്നമിടുകയും ചെയ്യുന്നു. കുട്ടികളെ ക്രൈസ്തവ സ്കൂളുകളില്‍ പഠിപ്പിക്കാന്‍ താത്പര്യപ്പെടാത്തവരുമുണ്ട്.
എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഭയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഖലിസ്ഥാന്‍കാര്‍ക്ക് കത്തോലിക്കാ സഭയോട് കാര്യമായ എതിര്‍പ്പല്ല. ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകള്‍ നടത്തുന്ന ചില പ്രവര്‍ത്തനങ്ങളെയാണ് അവർ എതിര്‍ക്കുന്നത്. എന്നാല്‍, ക്രൈസ്തവര്‍ എന്ന തലത്തില്‍ അവര്‍ കത്തോലിക്കരെ കാണുന്നത് അതേ വികാരത്തോടെയാണ്.
? ദൈവവിളിക്ക് നിമിത്തമായത്
എന്റെ അമ്മ എപ്പോഴും പ്രാര്‍ഥിക്കുകയും തിരുവചനം വായിക്കുകയും പ്രാര്‍ഥനാഗാനങ്ങള്‍ തനിയെയുണ്ടാക്കി പാടുകയും ചെയ്യുന്നയാളാണ്. അമ്മയുടെ ഉദരത്തിലായിരിക്കെ ഞങ്ങളെല്ലാം നല്ല കുഞ്ഞുങ്ങളായി ജനിച്ചു വളരണമെന്ന അര്‍ഥത്തിലുള്ള പാട്ടുകള്‍ പാടും.
താരാട്ടു പാട്ടിനു പകരം ഈ പാട്ടുകളാണ് പാടിയിരുന്നത്. ചെറിയ പ്രായത്തില്‍ ഒരു വൈദികനും മിഷനറിയുമാകാനുള്ള ആഗ്രഹം അങ്ങനെയുണ്ടായതാണ്. അക്കാലത്ത് ചെമ്മലമറ്റം ഇടവകപ്പള്ളിയില്‍ എത്തിയിരുന്ന മിഷനറിമാരുടെ പ്രസംഗം വളരെയധികം സ്വാധീനിച്ചു. ഉജ്ജയിനില്‍നിന്നുള്ള ഒരു അച്ചന്റെ പ്രസംഗം കേട്ടപ്പോള്‍ ഉജ്ജയിന്‍ മിഷനു പോകാന്‍ ആഗ്രഹമുണ്ടായി. എന്നാല്‍, ജലന്ധറിലേക്ക് പോകാനായിരുന്നു ദൈവനിശ്ചയം. മെത്രാഭിഷേകത്തില്‍ അമ്മയും കുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്.
മിഷന് അനുഭവങ്ങള്‍
പഞ്ചാബിലെ ഭവനസന്ദര്‍ശനങ്ങളും യാത്രകളും വലിയ അനുഭവമാണ്. അത്തരത്തില്‍ അവരുടെ ഭാഷയും സംസ്കാരവും പഠിച്ചു. കരിസ്മാറ്റിക് പ്രവര്‍ത്തനം വലിയ അനുഭവമായി മാറി. വന്‍ ജനപങ്കാളിത്തമുള്ള ബൈബിള്‍ കണ്‍വന്‍ഷനുകള്‍ നടത്തി. ആ കണ്‍വന്‍ഷനുകള്‍ വിശ്വാസികളില്‍ വലിയ ആത്മീയാനുഭവം സമ്മാനിച്ചു. ക്രിസ്മസിന് സ്കൂളുകളില്‍ സര്‍വമത സമ്മേളനം നടത്താറുണ്ട്. എല്ലാ പരിപാടികളിലും വിവിധ സമുദായങ്ങളുമായി സഹകരിക്കുന്നു. അന്നദാനം പഞ്ചാബികളുടെ ആരാധനാലയമായ ഗുരുദ്വാരകളില്‍ പതിവാണ്. ഞായറാഴ്ച കുര്‍ബാനയ്ക്കു ശേഷം പള്ളികളിലും ഭക്ഷണം കൊടുക്കും.
തയാറാക്കിയത്: റെജി ജോസഫ്