എൻജിനിയറിംഗ് റാങ്ക് പട്ടിക; ആദ്യ 1000 റാങ്കിൽ കൂടുതൽ എറണാകുളത്ത്
Saturday, July 12, 2025 2:46 AM IST
തിരുവനന്തപുരം: സർക്കാർ അനാസ്ഥമൂലം രണ്ടാം വട്ടം മാറ്റി പ്രസിദ്ധീകരിക്കേണ്ടി വന്ന എൻജിനിയറിംഗ് റാങ്ക് പട്ടികയിൽ ആകെ ഇടംപിടിച്ചത് 76,505 വിദ്യാർഥികൾ.
ഇതിൽ ആണ്‍കുട്ടികളാണ് കൂടുതൽ 33,950 ആണ്‍കുട്ടികൾ പട്ടികയിൽ ഇടം നേടിയപ്പോൾ 33,555 പെണ്‍കുട്ടികളും പട്ടികയിൽ ഉൾപ്പെട്ടു. റാങ്ക് പട്ടികയിൽ ആദ്യ 1000 റാങ്കിൽ കൂടുതൽ എറണാകുളത്താണ്. 175 വിദ്യാർഥികളാണ് ആദ്യ 1000 ത്തിൽ ജില്ലയിൽനിന്നുൾപ്പെട്ടത്.
കേരള സിലബസിൽ പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 47,175 പേരാണ് ഇക്കുറി റാങ്ക് പട്ടികയിലുള്ളത്. ഇതിൽ 21 പേർ ആദ്യ 100 റാങ്കിൽ ഉൾപ്പെട്ടു. 18,284 വിദ്യാർഥികൾ സിബിഎസ്ഇ സിലബസിൽനിന്ന് എൻജിനിയറിംഗ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടു. ഇവരിൽ 79 പേരാണ് ആദ്യ 100 റാങ്കിനുള്ളിൽ ഉൾപ്പെട്ടിട്ടുള്ളത്. ഐഎസ്സിഇയിൽനിന്നും 1415 വിദ്യാർഥികളും മറ്റു വിഭാഗങ്ങളിൽനിന്നും 631 വിദ്യാർഥികളും റാങ്ക് റാങ്ക് പട്ടികയിൽ ഇടംപിടിച്ചു.
ആദ്യ 5000 റാങ്കിൽ സിബിഎസ്ഇ വിദ്യാർഥികളുടെ ആധിപത്യമാണ്. 2960 സിബിഎസ്ഇ വിദ്യാർഥികൾ ആദ്യ 5000 റാങ്കിനുള്ളിൽ സ്ഥാനം പിടിച്ചപ്പോൾ 1796 കേരള സിലബസ് വിദ്യാർഥികളും 244 മറ്റു സ്ട്രീമുകളിൽനിന്നുള്ള വിദ്യാർഥികളും പട്ടികയിൽ ഇടം പിടിച്ചു. ആദ്യ 1000 റാങ്കിനുള്ളിൽ രണ്ടാം സ്ഥാനത്തെത്തിയ ജില്ല തൃശൂരാണ്.
114 വിദ്യാർഥികൾ തൃശൂരിൽ നിന്ന് ആദ്യ ആയിരത്തിൽ ഇടംപിടിച്ചപ്പോൾ തിരുവനന്തപുരത്തുനിന്നും 111 പേരും കോഴിക്കോട്ടുനിന്നും 96 ഉം മലപ്പുറത്തുനിന്ന് 90 ഉം വിദ്യാർഥികൾ പട്ടികയിൽ ഉൾപ്പെട്ടു.
മാധ്യമങ്ങളോടു ക്ഷുഭിതയായി മന്ത്രി ബിന്ദു
കൊച്ചി: കീം പരീക്ഷയിൽ സർക്കാർ തീരുമാനത്തിന് തിരിച്ചടിയുണ്ടായതു സംബന്ധിച്ച ചോദ്യമുന്നയിച്ച മാധ്യമങ്ങളോടു കയർത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. “എല്ലാ കാര്യങ്ങളും മാധ്യമങ്ങളോടു വിശദീകരിക്കേണ്ട ബാധ്യത എനിക്കില്ല, നിങ്ങളൊക്കെ വലിയ സിഐഡികളാണല്ലോ. നിങ്ങള്‍ ഉന്നയിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ കോടതി ചോദിച്ചിട്ടില്ല. നിങ്ങള്‍ കോടതി ആകാന്‍ നോക്കണ്ട’’-മന്ത്രി പറഞ്ഞു. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലായിരുന്നു മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു ക്ഷുഭിതയായി പ്രതികരിച്ചത്.
ഓപ്ഷനുകൾ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോഴ്സുകളിലേക്ക് ഈ അധ്യയനവർഷത്തെ കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. സർക്കാർ/ എയ്ഡഡ് സ്വയംഭരണ എയ്ഡഡ്/സർക്കാർ കോസ്റ്റ് ഷെയറിംഗ്/സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനിയറിംഗ് കോളജുകളിലേക്ക് വിവിധ എൻജിനിയറിംഗ് കോഴ്സുകളിലേക്ക് ഓണ്‍ലൈൻ ഓപ്ഷനുകൾ സമർപ്പിക്കാം. നേടിയവർ 16ന് രാവിലെ 11 വരെ എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.