അധിക സീറ്റ് ആവശ്യം ലീഗ് അറിഞ്ഞിട്ടില്ല; മാധ്യമങ്ങളിലേത് വ്യാജപ്രചാരണം: പി.കെ. കുഞ്ഞാലിക്കുട്ടി
Saturday, July 12, 2025 2:46 AM IST
മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പു സംബന്ധിച്ച് മുസ്ലിം ലീഗിനെക്കുറിച്ച് ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വരുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്നും ഇത്തരം പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനൊരുങ്ങുന്നു എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അങ്ങനെയൊരു ചർച്ച നടന്നിട്ടേയില്ല. അതിനുള്ള സമയവുമല്ല ഇപ്പോൾ.
ലീഗിന്റെ കാര്യമൊക്കെ ഞങ്ങളറിയുന്നതിനു മുന്‍പുതന്നെ ചില ചാനലുകൾ അറിയുന്നതും അവർ ചർച്ചയ്ക്കെടുക്കുന്നതുമൊക്കെ എങ്ങനെയാണെന്ന് മനസിലാകുന്നില്ല. ശശി തരൂർ വിഷയത്തിൽ യുഡിഎഫ് അഭിപ്രായം പറയേണ്ട സഹചര്യമില്ല.
കോണ്‍ഗ്രസ്തന്നെ തീരുമാനിക്കട്ടെ. ഉരുൾപൊട്ടൽ പുനരധിവാസത്തിനായി വാങ്ങിയ ഭൂമി സംബന്ധിച്ച് ഒരു പ്രശ്നവുമില്ല. ഭൂമി ഉടൻ അവകാശികൾക്ക് രജിസ്റ്റർ ചെയ്തു നൽകും. ലീഗ് അത് പബ്ലിഷ് ചെയ്യും. വീട് നിർമാണത്തിനുള്ള അപേക്ഷ അടുത്ത ദിവസം തന്നെ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിത്തുടങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.