സൗരോർജ പന്പ്: കേന്ദ്രപദ്ധതിയിൽ 100 കോടിയുടെ തട്ടിപ്പ്
Saturday, July 12, 2025 2:45 AM IST
തിരുവനന്തപുരം: കേരളത്തിലെ കർഷകർക്കു സൗരോർജ പന്പുകൾ നൽകാനുള്ള കേന്ദ്രത്തിന്റെ പിഎം കുസും പദ്ധതിയിൽ 100 കോടിയുടെ ക്രമക്കേടെന്ന് ആരോപണം.
പിഎം കുസും പദ്ധതിയിലെ തട്ടിപ്പ് നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കർഷകർക്ക് രണ്ടു മുതൽ 10 കിലോവാട്ട് വരെയുള്ള സൗരോർജ പ്ലാന്റുകൾ പന്പുകൾ പ്രവർത്തിപ്പിക്കാനായി സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. 240 കോടി രൂപയുടെ പദ്ധതിയിൽ 100 കോടി വരുന്ന ക്രമക്കേടും അഴിമതിയുമാണ് നടന്നത്.
സർക്കാരിന്റെ കൈയിൽ പണമില്ലാത്തതിനാൽ 175 കോടി രൂപ നബാർഡിൽനിന്ന് 5.25 ശതമാനം പലിശ നിരക്കിൽ ഏഴു വർഷ കാലാവധിക്ക് വായ്പ എടുത്താണ് 100 കോടിയുടെ വെട്ടിപ്പു നടത്തിയത്.
അഞ്ചുകോടി വരെ മാത്രം ടെൻഡർ വിളിക്കാൻ അനുമതിയുള്ള അനർട്ട് സിഇഒക്ക് 240 കോടി രൂപയുടെ ടെൻഡർ വിളിക്കാൻ മന്ത്രിയുടെയോ സർക്കാരിന്റെയോ അനുമതിയില്ലാതെ നടക്കില്ല. എങ്ങനെ ഇത്രയും ഉയർന്ന തുകയ്ക്ക് ടെൻഡർ വിളിക്കാനാകും. തന്റെ അധികാരപരിധിക്ക് അപ്പുറമുള്ള കാര്യം ചെയ്യാൻ അനർട്ട് സിഇഒയ്ക്ക് ധൈര്യം ലഭിച്ചത് എവിടെനിന്നാണ്.
ആദ്യ ടെൻഡറിൽ, കേന്ദ്രം നിശ്ചയിച്ച ബെഞ്ച് മാർക്ക് നിരക്കിൽ നിന്ന് അധികം വ്യത്യാസമില്ലാതെ നിരക്ക് സമർപ്പിച്ച കന്പനിയെ നീക്കം ചെയ്ത് വീണ്ടും ബിഡ് നടത്തി. 240 കോടിയുടെ ആദ്യ ടെൻഡർ 2022 ഓഗസ്റ്റ് 10ന് ക്ഷണിച്ചു. 13 കന്പനികൾ പങ്കെടുത്തു. ഇതിൽ യോഗ്യമായ ടെക്നിക്കൽ ബിഡ് സമർപ്പിച്ച ആറു കന്പനികളുടെ ഫിനാൻസ് ബിഡ് ഓപ്പണ്‍ ചെയ്തു. ഇതിൽ അതിഥി സോളാർ എന്ന കന്പനിയാണ് കുറഞ്ഞ തുക രേഖപ്പെടുത്തിയത്.
ഇവരുടെ ടെൻഡർ തുക കേന്ദ്രം തീരുമാനിച്ച തുകയായ കിലോവാട്ട് ഒന്നിന് ജിഎസ്ടി അടക്കം 50,472ൽനിന്ന് ഏതാണ്ട് 16,000 രൂപയുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കുറഞ്ഞ തുക ടെൻഡർ ചെയ്ത കന്പനി മെയിൽ മുഖേന ഇതിൽ പരിഗണിക്കേണ്ടതില്ലെന്ന് അറിയിച്ചതായി ഡിസംബറിൽ അനർട്ട് സിഇഒ ഫയലിൽ രേഖപ്പെടുത്തി. ഇതു സംബന്ധിച്ച മെയിലിന്റെ പകർപ്പ് ഫയൽ രേഖകളിലില്ല.
തുടർന്നു യോഗ്യരായ ആറ് കന്പനികളെ പങ്കെടുപ്പിച്ച് അനർട്ട് സിഇഒ ഓണ്‍ ലൈൻ മീറ്റിംഗ് നടത്തി. ഇതിൽ വച്ച് ടെൻഡർ കാൻസൽ ചെയ്ത് റീ ടെൻഡർ ചെയ്യാൻ തീരുമാനിച്ചെന്നും ചെന്നിത്തല ആരോപിച്ചു.