ആഴക്കടല്‍ മത്സ്യബന്ധനം: കേന്ദ്ര തീരുമാനം തിരുത്തണമെന്നു പ്രതിപക്ഷ നേതാവ്
Saturday, July 12, 2025 1:46 AM IST
കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധനത്തിന് കോര്‍പറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര തീരുമാനം തിരുത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
മൂന്നു ലക്ഷത്തിലേറെ ചെറുയാനങ്ങള്‍ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിനിടെ കേന്ദ്രം ബ്ലൂ ഇക്കണോമി നടപ്പാക്കാനൊരുങ്ങുന്നത് പരമ്പരാഗത മത്സ്യബന്ധന മേഖലയിലുള്ളവർക്ക് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധനവുമായ ബന്ധപ്പെട്ട കേന്ദ്ര തീരുമാനത്തിനെതിരേ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലേക്ക് (സിഎംഎഫ്ആർഐ) നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെറുവള്ളങ്ങളെ സംരക്ഷിക്കാതെ കേന്ദ്രസര്‍ക്കാര്‍ ബ്ലൂ ഇക്കണോമിയുടെ പേരില്‍ വലിയ യാനങ്ങള്‍ക്ക് 50 മുതല്‍ 150 ശതമാനം സബ്സിഡി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതു പരമ്പരാഗത മത്സ്യങ്ങളുടെ വംശനാശത്തിന് വഴിയൊരുക്കും.
മത്സ്യത്തൊഴിലാളി മേഖലയെ സഹകരണ രംഗത്തേക്ക് കൊണ്ടുവന്നാല്‍ തൊഴിലാളികള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകുമെന്നും വി.ഡി. സതീശന് ചൂണ്ടിക്കാട്ടി. ചടങ്ങിൽ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ. ലീലാകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എല്‍. സുരേഷ്, അഡ്വ. എം. ലിജു, ടി.എന്‍. പ്രതാപന്, ഡൊമിനിക് പ്രസന്റേഷന്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മിണി തുടങ്ങിയവർ പ്രസംഗിച്ചു.