കീം പരീക്ഷ ഒന്നാം റാങ്ക് നേടിയ ജോഷ്വാ പറയുന്നു ;പഠിക്കുമ്പോള്‍ പഠനം മാത്രം
Saturday, July 12, 2025 2:45 AM IST
റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം: വിഷയങ്ങള്‍ മാറിമാറി പഠിക്കുന്നതിന് ചെറിയ ഇടവേള. പഠനം തുടങ്ങിയാല്‍ പഠനം മാത്രം, മറ്റൊന്നും ചിന്തിക്കരുത്! കേരള എന്‍ജിനിയറിംഗ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് (കീം) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശി ജോഷ്വ ജേക്കബ് തോമസിന്റെ വാക്കുകള്‍.
ആദ്യം പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ അഞ്ചാം റാങ്കുകാരനായിരുന്ന ജോഷ്വ പുതുക്കിയ ഫലം വന്നതോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. കീം പരീക്ഷയ്ക്കും ബോര്‍ഡ് പരീക്ഷയ്ക്കും നിശ്ചിത സമയം പഠിച്ചിരുന്നെന്ന് ജോഷ്വാ പറയുന്നു. അതിനാല്‍ തന്നെ രണ്ടിലും മികച്ച പ്രകടനം നടത്താനായി. കീം പരീക്ഷയില്‍ റാങ്ക് പ്രതീക്ഷിച്ചിരുന്നതായും ജോഷ്വാ പറഞ്ഞു.
റാങ്ക് ലഭിച്ചവര്‍ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ 10 റാങ്കില്‍ ഉള്‍പ്പെട്ടവരെല്ലാം ഒരേ കഴിവുള്ളവരാണ്. ചെറിയ വ്യത്യാസത്തിലാണ് റാങ്കുകളില്‍ മാറ്റം വരിക. മുന്‍പ് അഞ്ചാം റാങ്ക് ലഭിച്ചതില്‍ സന്തോഷമുണ്ടായിരുന്നു. ഇപ്പോള്‍ അത് ഒന്നാം റാങ്കിലെത്തിയപ്പോള്‍ കൂടുതല്‍ സന്തോഷമുണ്ട്. നാലാഞ്ചിറ സര്‍വോദയ സെല്‍ട്രല്‍ വിദ്യാലയയിലാണ് പഠിച്ചിരുന്നത്. ഇതോടൊപ്പം പ്രവേശന പരീക്ഷാ പരിശീലനവും നടത്തിയിരുന്നു.
ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെക്കുറിച്ചും ജോഷ്വാ നയം വ്യക്തമാക്കി. സര്‍ക്കാര്‍ ചെയ്തത് തെറ്റോ ശരിയോ എന്നറിയില്ല. എന്നാല്‍ ജൂലൈയില്‍ പ്രോസ്പെക്ടസ് മാറ്റിയത് ശരിയായ നടപടിയായിരുന്നില്ല. മത്സരത്തിനിടയില്‍ നിയമം മാറ്റുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായം. ആദ്യം തന്നെ ആ മാറ്റം നടത്തിയിരുന്നെങ്കില്‍ പ്രശ്നമുണ്ടാകുമായിരുന്നില്ല.
നല്ലൊരു കോളജില്‍ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് പഠിക്കണമെന്ന് ആഗ്രഹിക്കുന്ന ജോഷ്വയ്ക്ക് കോഴിക്കോട് എന്‍ഐടിയില്‍ സീറ്റ് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സിഇടിയില്‍ പഠിക്കാനും ആഗ്രഹമുണ്ട്.
ആറാം ക്ലാസ് വരെ ദുബായില്‍ ആയിരുന്നു ജോഷ്വാ പഠിച്ചത്. പ്ലസ് ടു പരീക്ഷയില്‍ കംപ്യൂട്ടര്‍, കെമിസ്ട്രി, ഗണിതശാസ്ത്രം വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നു. ജോഷ്വായുടെ പിതാവ് ഒമാനില്‍ മിഡില്‍ ഈസ്റ്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയില്‍ സിഎഫ്ഒ ആണ്.
ഇന്‍ഫോസിസ് മുന്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍ രഞ്ജു തോമസ് ആണ് അമ്മ. സര്‍വോദയ സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹന്ന മരിയ ആണ് സഹോദരി.