മത്സ്യത്തൊഴിലാളികള്‍ക്കു ദോഷകരമായതൊന്നും കേന്ദ്രം ചെയ്യില്ല: മന്ത്രി ജോര്‍ജ് കുര്യന്
Saturday, July 12, 2025 2:45 AM IST
കൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്കു ദോഷകരമായ രീതിയില്‍ ബാധിക്കുന്ന ഒരു കാര്യവും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്.
കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രപദ്ധതികള്‍ സാധാരണക്കാര്‍ക്കു പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. മത്സ്യത്തൊഴിലാളികളെ എന്എഫ്ഡിപിയില് രജിസ്റ്റര്‍ ചെയ്യിക്കാന്‍ നാം ശ്രമിക്കണം. ഇനിമുതല്‍ മത്സ്യത്തൊഴിലാളികളുടെ എല്ലാ ക്ഷേമപദ്ധതികളും ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയാണ് ലഭ്യമാകുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായിരുന്നു. കേരള സര്‍വകലാശാല സെനറ്റംഗം ഡോ. ജോസഫ് ആന്റണി മുഖ്യപ്രഭാഷണം നടത്തി.
കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഹൈബി ഈഡന് എംപി, കെ.ജെ. മാക്സി എംഎല്‍എ, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, സെക്രട്ടറി പാട്രിക് മൈക്കിള്‍ എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട് അതിരൂപതയുടെ ആർച്ച്ബിഷപ്പായി ഉയർത്തപ്പെട്ട ഡോ. വർഗീസ് ചക്കാലക്കലിനെ കേന്ദ്രമന്ത്രി ആദരിച്ചു. നെയ്യാറ്റിന്‍കര രൂപത സഹമെത്രാന്‍ ഡോ. ഡി. സെല്‍വരാജ്, കൊച്ചി മെട്രോപൊളിറ്റൻ അഥോറിറ്റി പ്രഥമ ചെയർപേഴ്സൺ ബെന്നി ഫെർണാണ്ടസ്, കൊച്ചി തഹസിൽദാർ ഹെർട്ടിസ് ആന്റണി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
കേരള ലത്തീന്‍ സഭയിലെ ബിഷപ്പുമാരും എല്ലാ രൂപതകളിലെയും അല്മായ പ്രതിനിധികളും സന്യാസ സഭകളുടെ പ്രതിനിധികളും ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്. നാളെ സമാപിക്കും.