ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്
Saturday, July 12, 2025 2:45 AM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവഹിക്കും.
ഓഫീസിലെത്തി പതാക ഉയർത്തുന്ന അമിത് ഷാ ഓഫീസിന് മുന്നിൽ വൃക്ഷത്തേ നടും. തുടർന്ന് നാട മുറിച്ച് കെട്ടിടത്തിൽ പ്രവേശിച്ച് വിളക്കു കൊളുത്തിയാകും പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുക.
ഓഫീസിന്റെ നടുത്തളത്തിൽ സ്ഥാപിച്ച, മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി മാരാരുടെ അർധകായ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാച്ഛാദനം ചെയ്യും. തുടർന്ന് പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വാർഡുതല നേതൃസംഗമം അമിത് ഷാ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ റവന്യൂ ജില്ലകളിലെ 5000 വാർഡ് സമിതികളിലെ 25,000 പേരാണ് നേതൃസംഗമത്തിലെത്തുന്നത്. ഉച്ചയ്ക്കു ശേഷം നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും. യോഗത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും.