കാലിക്കട്ട് കാന്പസിലെ അനിഷ്ട സംഭവം; ഒന്പത് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ
Saturday, July 12, 2025 2:45 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി കാന്പസ് വിദ്യാർഥികളായ ഒന്പത് എസ്എഫ്ഐക്കാർക്കെതിരേ നടപടി. ജീവനക്കാരെ അക്രമിച്ചെന്ന പരാതിയെത്തടർന്നാണ് എസ്എഫ്ഐക്കാരായ ഒന്പത് വിദ്യാർഥികൾക്കെതിരേ സസ്പെൻഷൻ നടപടിയുണ്ടായത്.
എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എംഎഡ് വിദ്യാർഥിയുമായ സയ്യിദ് മുഹമ്മദ് സാദിഖ്, ചരിത്ര ഗവേഷക വിദ്യാർഥി മുനവിർ, ഡെവലപ്പ്മെന്റൽ സ്റ്റഡീസിലെ ശ്രീഹരി, എംഎസ്സി ജിയോളജിയിലെ നിഖിൽ റിയാസ്, എജ്യൂക്കേഷനിലെ ഗവേഷക വിദ്യാർഥി ലിനീഷ്, ബയോ സയൻസിലെ ഹരിരാമൻ, ജേർണലിസത്തിലെ അനസ് ജോസഫ്, ബയോ സയൻസിലെ അനന്ദു, മാനുസ്ക്രിപ്റ്റോളജിയിലെ അമൽ ഷാൻ എന്നിവരെയാണ് വൈസ് ചാൻസലർ പ്രഫ. ഡോ. പി. രവീന്ദ്രന്റെ നിർദേശ പ്രകാരം സർവകലാശാല രജിസ്ട്രാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
വിസിയുടെ നിർദേശം അടിയന്തരമായി നടപ്പാക്കണമെന്നും നടപടിക്ക് വിധേയരായ വിദ്യാർഥികൾ എത്രയും വേഗം ഹോസ്റ്റൽ താമസം അവസാനിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം വിസിയുടേത് ഏകപക്ഷീയായ നടപടിയാണെന്ന് വിദ്യാർഥികളെ അക്രമിച്ച ജീവനക്കാർക്കെതിരേയും നടപടി ഉണ്ടാകണമെന്നും എസ്എഫ്ഐ നേതൃത്വം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരം തുടങ്ങുമെന്നും നേതാക്കൾ വ്യക്തമാക്കി.