മൂന്നര വയസുകാരനും അച്ഛനും വാടകവീട്ടിൽ മരിച്ച നിലയിൽ
Sunday, July 13, 2025 2:46 AM IST
തൊടുപുഴ: കാഞ്ഞിരമറ്റത്ത് മൂന്നര വയസുകാരനെയും അച്ഛനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇവർ താമസിച്ചിരുന്ന വാടക വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കുളമാവ് മുത്തിയുരുണ്ടയാർ പുത്തൻപുരയ്ക്കൽ മുരളീധരന്റെ മകൻ എം.പി. ഉൻമേഷ് (34) മകൻ ദേവ് എന്നിവരാണ് മരിച്ചത്. ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിയുള്ള ഉന്മേഷിന്റെ ഭാര്യ ശിൽപ വീട്ടിലെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്.
ഉന്മേഷ് ഹാളിലും കുട്ടി കിടപ്പുമുറിയിലും ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഫോറൻസിക് സംഘം പരിശോധന നടത്തിയ ശേഷം മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂലിപ്പണിയും ലോട്ടറി വിൽപ്പനയുമായിരുന്നു ഉൻമേഷിന്റെ ജോലി.