കൈകോർത്തിരിക്കാം വട്ടത്തിൽ; ഇനിയില്ല "ബാക്ക് ബെഞ്ചേഴ്സ് ’
Saturday, July 12, 2025 2:45 AM IST
എരുമപ്പെട്ടി (തൃശൂർ): "ബാക്ക് ബെഞ്ചേഴ്സ്’ ഇനി ഇവിടെയില്ല. സംസ്ഥാനത്തെ സ്കൂളുകളിൽ അർധവൃത്താകൃതിയിലിരുത്തി പഠിപ്പിക്കുന്ന പുതിയ രീതി വരുന്നു. എരുമപ്പെട്ടി ഈസ്റ്റ് മങ്ങാട് ആർസിസി എൽപി സ്കൂളിലാണ് തരംഗമായിക്കൊണ്ടിരിക്കുന്ന പുതിയ രീതി നടപ്പാക്കിയത്.
കഴിഞ്ഞവർഷം പുറത്തിറങ്ങിയ "സ്ഥാനാർത്തി ശ്രീക്കുട്ടൻ’ എന്ന സിനിമയാണ് ഈ ആശയപ്പിറവിക്കു കാരണമായത്. ഇതിനു പിന്നാലെ കേരളത്തിലെ ചില സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണം നടപ്പാക്കുന്നതിനെക്കുറിച്ച് ചിന്തയുയർന്നു. പുതിയ രീതി വരുന്നതോടെ മുൻബെഞ്ചുകാർ, പിൻബെഞ്ചുകാർ എന്ന ചിന്ത ഇല്ലാതാകുമെന്നാണ് അധ്യാപകരുടെ പക്ഷം.
മങ്ങാട് ആർസിസി എൽപി സ്കൂളിൽ ഈ മാതൃക പരീക്ഷണാർഥമാണു നടപ്പാക്കിയിരിക്കുന്നത്. വിദ്യാഭ്യാസവകുപ്പിന്റെ വിവിധ പരിശീലനപരിപാടികളിൽ ഈ ആശയം ചർച്ചചെയ്തിരുന്നു.
സിനിമ ഇറങ്ങിയതോടെ പ്രചോദനമാകുകയും ചെയ്തു. ക്ലാസ് മുറിയുടെ വലിപ്പം, കുട്ടികളുടെ എണ്ണം എന്നിവ പരിഗണിച്ച് തീരുമാനമെടുക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പ്രതികരിച്ചിരുന്നു.
ക്ലാസിലെ എല്ലാ കുട്ടികൾക്കും തുല്യപരിഗണന ലഭിക്കുന്നു എന്ന സവിശേഷതകൂടി ഈ സംവിധാനത്തിന്റെ മികവാണ്. ക്ലാസിലെ കുട്ടികളുടെ എണ്ണമനുസരിച്ചാണു ക്രമീകരണം. ക്ലാസ് മുറികൾ കൂടുതൽ വിശാലവും സൗഹൃദപരവുമായി അനുഭവപ്പെടുന്നതുമൂലം കൂട്ടികൾക്കു വലിയ ആത്മവിശ്വാസം ലഭിക്കുമെന്ന് അധ്യാപകർ പറഞ്ഞു.
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലാണു പുതിയ രീതി നടപ്പാക്കിയിട്ടുള്ളതെന്നു മങ്ങാട് സ്കൂളിലെ പ്രധാന അധ്യാപിക സി.ആർ. ലിജി പറഞ്ഞു. മങ്ങാട് സ്കൂളിനു പുറമേ സംസ്ഥാനത്തെ അഞ്ചു സ്കൂളുകളിൽകൂടി ഈ ആശയം നടപ്പാക്കിയിട്ടുണ്ട്.