കർഷക കടാശ്വാസ കമ്മീഷൻ: അപേക്ഷ നൽകാം
Saturday, July 12, 2025 1:46 AM IST
തിരുവനന്തപുരം: വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 31-8-2020 വരെയും മറ്റു ജില്ലകളിലെ കർഷകർ 31-03-2016 വരെയും എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നു.
കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ ഡിസംബർ 31 വരെ കമ്മീഷൻ സ്വീകരിക്കും. അപേക്ഷകൾ നിർദ്ദിഷ്ട ‘സി’ ഫോമിൽ ഫോൺ നമ്പർ സഹിതം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം കർഷക കടാശ്വാസ കമ്മീഷനിൽ നേരിട്ടോ തപാൽ മുഖേനയോ നൽകാം.
റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അസൽ, അപേക്ഷകൻ കർഷകനാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യ പത്രം (അസൽ) അല്ലെങ്കിൽ കർഷക തൊഴിലാളി ആണെന്ന് തെളിയിക്കുന്ന കർഷക തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്/ഐഡി പകർപ്പ്, ഉടമസ്ഥാവകാശമുള്ള കൃഷി ഭൂമി എത്രയെന്ന് തെളിയിക്കുന്നതിനായി വസ്തുവിന്റെ കരം അടച്ച രസീതിന്റെ പകർപ്പ് അല്ലെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ്, വായ്പ നിലനിൽക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നീ രേഖകളും സമർപ്പിക്കണം.
സംസ്ഥാന സർക്കാരിന്റെ കാർഷിക കടാശ്വാസം മുമ്പ് ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ വായ്പാകുടിശികയാണ് കടാശ്വാസ പദ്ധതിക്കായി പരിഗണിക്കുന്നത്. മറ്റ് ബാങ്കുകളിലെ വായ്പാകുടിശികയിൽ അപേക്ഷ സ്വീകരിക്കില്ല.