മലയാളി യുവഡോക്ടര്‍ യുപിയില്‍ മരിച്ച നിലയില്‍
Sunday, July 13, 2025 12:02 AM IST
പാറശാല: ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ മെഡിക്കല്‍ കോളജിലെ മലയാളി യുവഡോക്ടര്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍. പാറശാല സ്വദേശി അവിഷോ ഡേവിഡ് (32) ആണ് മരിച്ചത്. ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജിലെ (ബിആര്‍ഡി) പിജി അനസ്തെറ്റിസ്റ്റ് വിദ്യാര്‍ഥിയാണ്. മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍നിന്നും കണ്ടെത്തുകയായിരുന്നു.
കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ പത്ത് മണിയായിട്ടും ഡോക്ടര്‍ അവിഷോ ഡേവിഡിനെ ഡിപ്പാര്‍ട്ട്മെന്റില്‍ ഡ്യൂട്ടിക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹം മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാനാകാത്തിനെ തുടര്‍ന്ന് അനസ്തേഷ്യ വിഭാഗം ജീവനക്കാര്‍ അന്വേഷിച്ച് എത്തുകയായിരുന്നു.
ഏറെ നേരം വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നതോടെ ജീവനക്കാര്‍ ഡിപ്പാര്‍ട്ട്മെന്റിലെ മറ്റ് ഡോക്ടര്‍മാരെ വിവരം അറിയിച്ചു. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് മുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു.
മുറിയുടെ വാതില്‍ അകത്തുനിന്ന് അടച്ച നിലയിലായതിനാല്‍ ആത്മഹത്യയാണെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു. അതേസമയം മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പോലീസ് അറിയിച്ചു. വിവാഹിതനായ ഡോക്ടര്‍ ഡേവിഡ് തനിച്ചായിരുന്നു താമസം.
ഇടിച്ചക്കപ്ലാമൂട് വാര്‍ഡില്‍ ശിവജി ഐടിസി റോഡില്‍ പാമ്പാടുംകുഴി വീട്ടില്‍ ഡേവിഡിന്റെയും ജൂലിയറ്റിന്റെയും മകനാണ്. ഭാര്യ: ഡോ. നിമിഷ.