വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ സ്ലാബിനു പിന്നാലെ കല്ലുകളും
Sunday, July 13, 2025 2:46 AM IST
കണ്ണൂർ: വെള്ളിയാഴ്ച റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയതിനു സമീപത്തായി കല്ലുകൾ നിരത്തിയ നിലയിൽ കണ്ടെത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ കാസർഗോഡുനിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിൻ കടന്നുപോകുന്ന പാളത്തിലാണ് കരിങ്കൽ കഷ്ണങ്ങൾ നിരത്തിയ നിലയിൽ കണ്ടെത്തിയത്. ലോക്കോ പൈലറ്റ് കല്ലുകൾ കണ്ടതിനെത്തുടർന്ന് ട്രെയിൻ നിർത്തി കല്ലുകൾ മാറ്റിയ ശേഷമാണു ട്രെയിൻ കടന്നുപോയത്.
കല്ലുകൾ കണ്ടെത്തിയതിനു സമീപം കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. കുട്ടികൾ വച്ചതാകാമെന്നാണു പ്രാഥമിക നിഗമനമെങ്കിലും അട്ടിമറി ശ്രമമാണോ എന്ന കാര്യവും തള്ളിക്കളയുന്നില്ല. റെയിൽവേ പോലീസും കേരള പോലീസും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
പ്രത്യേകസംഘം അന്വേഷണം തുടങ്ങി
കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയ സംഭവത്തിൽ വളപട്ടണം എസ്ഐ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടങ്ങി. വളപട്ടണം പോലീസിനു പുറമേ ആർപിഎഫും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് പരിശോധന നടത്തിവരികയാണ്. കൂടാതെ, സ്ഥിരമായി റെയിൽവേ പരിസരത്ത് കാണുന്നവരെയും ചോദ്യം ചെയ്തുവരികയാണ്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് കൊച്ചുവേളിയിൽനിന്നും ഭാവ്നഗറിലേക്ക് പോകുന്ന ട്രെയിൻ കടന്നുപോകുന്ന സമയത്ത് കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയത്. സ്ലാബിനു മുകളിൽ കയറി ട്രെയിൻ കുലുങ്ങുകയായിരുന്നു. നിലവിൽ, അട്ടിമറി സാധ്യത തള്ളിക്കളയുന്നില്ലെന്നു പോലീസ് പറഞ്ഞു.
കുറച്ച് നാളുകൾക്കു മുന്പ് വളപട്ടണം സ്റ്റേഷനു സമീപത്തെ ട്രാക്കിൽ കല്ലുകൾ വച്ച് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം നടന്നിരുന്നു.