പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി
Saturday, July 12, 2025 2:46 AM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിനു പിന്നാലെ പാർട്ടി നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത. ഇന്നലെ പ്രഖ്യാപിച്ച പുതിയ ഭാരവാഹികളുടെ പട്ടികയിൽ മുൻ പാർട്ടി അധ്യക്ഷൻ വി.മുരളീധരനെ പിന്തുണയ്ക്കുന്ന നേതാക്കളെ പൂർണമായും ഒഴിവാക്കി.
മുരളീധരനോടും കെ. സുരേന്ദ്രനോടും കലഹിച്ചുനിന്ന ശോഭാ സുരേന്ദ്രനെ ജനറൽ സെക്രട്ടറിയാക്കി. എം.ടി. രമേശ്, എസ്. സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരും ജനറൽ സെക്രട്ടറിമാരായി. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം നൽകിയാണു ഭാരവാഹികളുടെ പട്ടിക ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്.
നേരത്തേ ജനറൽ സെക്രട്ടറിമാരായിരുന്ന പി. സുധീറും സി.കൃഷ്ണകുമാറും വൈസ് പ്രസിഡന്റുമാരായി. ഇവർ രണ്ടുപേരും വി. മുരളീധരനൊപ്പമായിരുന്നു. അക്കാരണത്താൽ തന്നെ രണ്ടുപേരെയും ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും വെട്ടി.
ഡോ. കെ.എസ്. രാധാകൃഷ്ണൻ, സി. സദാനന്ദൻ മാസ്റ്റർ, ബി.ഗോപാലകൃഷ്ണൻ, ഡോ. അബ്ദുൾ സലാം, മുൻ ഡിജിപി ആ. ശ്രീലേഖ കെ. സോമൻ, കെ.കെ. അനീഷ് കുമാർ, പി.സി.ജോർജിന്റെ മകൻ ഷോണ്‍ ജോർജ് എന്നിവരും വൈസ് പ്രസിഡന്റുമാരായി.
അശോകൻ കുളനട, കെ. രഞ്ജിത്ത്, രേണു സുരേഷ്, വി.വി. രാജേഷ്, പന്തളം പ്രതാപൻ, ജിജി ജോസഫ്, എം.വി. ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി. ശ്യാംരാജ്, എം.പി. അഞ്ജന രഞ്ജിത് എന്നിവരാണു സെക്രട്ടറിമാർ. ഇ. കൃഷ്ണദാസാണു പുതിയ ട്രഷറർ.
മറ്റു ചുമതലക്കാർ: ജയരാജ് കൈമൾ (ഓഫീസ് സെക്രട്ടറി) അഭിജിത്ത് ആർ. നായർ (സോഷ്യൽ മീഡിയ കണ്‍വീനർ) ടി.പി. ജയചന്ദ്രൻ മാസ്റ്റർ (മുഖ്യവക്താവ് ) സന്ദീപ് സോമനാഥ് (മീഡിയ കണ്‍വീനർ) വി.കെ. സജീവൻ (സംസ്ഥാന സെൽ-കോ-ഓർഡിനേറ്റർ).