"ജാനകി .വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള '; പുതിയ പ്രിന്റ് സെന്‍സര്‍ ബോര്‍ഡിനു കൈമാറി
Saturday, July 12, 2025 2:46 AM IST
കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) സിനിമയുടെ പേരു മാറ്റി എഡിറ്റിംഗ് പൂര്‍ത്തീകരിച്ച് പുതിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിനു കൈമാറി. ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നു സിനിമയുടെ പേര് മാറ്റി.
കൂടാതെ സിനിമയില്‍ ജാനകി എന്ന പേര് പരാമര്‍ശിക്കുന്ന ഏഴോളം ഭാഗങ്ങള്‍ മ്യൂട്ടാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ പതിപ്പ് ഇന്നലെ രാവിലെയോടെയാണു സെന്‍സര്‍ ബോര്‍ഡിനു കൈമാറിയത്.
നിലവില്‍ സിനിമയ്ക്ക് സര്‍ട്ടിഫിക്കേഷനായി മുംബൈയിലേക്ക് അയച്ചിരിക്കുകയാണെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമയുടെ പേര് മാറ്റാന്‍ തയാറാണെന്ന് കഴിഞ്ഞദിവസം അണിയറ പ്രവര്‍ത്തകര്‍ കോടതിയില്‍ അറിയിച്ചിരുന്നു.
ജാനകിക്ക് ഇനിഷ്യല്‍ ചേര്‍ത്തു "ജാനകി.വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്നു പേരില്‍ മാറ്റം വരുത്തും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതുപോലെ സിനിമയിലെ കോടതിരംഗങ്ങളില്‍ രണ്ടിടത്തു ജാനകിയെന്ന പേര് മ്യൂട്ട് ചെയ്തെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ അറിയിച്ചത്.
ഇതിന്റെ പശ്ചാത്തലത്തിലാണു സിനിമയില്‍ എഡിറ്റിംഗ് നടത്തി പുതിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിനു കൈമാറിയിരിക്കുന്നത്. വ്യാഴാഴ്ച പകലും രാത്രിയിലുമായാണ് എഡിറ്റിംഗ് പൂര്‍ത്തിയാക്കിയത്. ശബ്ദവുമായി ബന്ധപ്പെട്ട എഡിറ്റിംഗ് പാലാരിവട്ടം ലാല്‍ മീഡിയയിലും ദൃശ്യവുമായി ബന്ധപ്പെട്ട എഡിറ്റിംഗ് കാക്കനാട് കളര്‍ ക്ലബ്സ് സ്റ്റുഡിയോയിലുമാണ് നടന്നത്.