എൻഡിഎ 2026ല്‍ കേരളത്തില്‍ അധികാരത്തില്‍ വരും: അമിത്ഷാ
Sunday, July 13, 2025 2:46 AM IST
തിരുവനന്തപുരം: 2026ല്‍ ഭാരതീയ ജനാധിപത്യ സഖ്യം കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുത്തരിക്കണ്ടം മൈതാനിയില്‍ ബിജെപി വാര്‍ഡുതല നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസിത ഭാരതം വികസിത കേരളത്തിലൂടെയേ സാധ്യമാകൂ. ബിജെപി ഇല്ലാതെ വികസിത കേരളം യാഥാര്‍ഥ്യമാകില്ല. കേരള ജനത മാറ്റം വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്‍ഡിഎഫിനും യുഡിഎഫിനും മാറി മാറി വോട്ടു ചെയ്യുന്നത് അവസാനിപ്പിക്കണം. ബിജെപി വടക്കേ ഇന്ത്യന്‍ പാര്‍ട്ടിയെന്നാണ് ഇടത്-വലത് മുന്നണികളുടെ പ്രചാരണം. എന്നാല്‍ അസമിലും ത്രിപുരയിലും ഒഡീഷയിലും ബിജെപി അധികാരത്തിലെത്തി. തെലങ്കാനയില്‍ പ്രതിപക്ഷ പാര്‍ട്ടിയായി. കേരളത്തിലെ എന്‍ഡിഎ ബിജെപി സര്‍ക്കാര്‍ സാക്ഷാത്കരിക്കാന്‍ പോകുകയാണെന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്ത് പിഎഫ്ഐയുടെ ദേശദ്രോഹ പ്രവര്‍ത്തനത്തെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും ഇടത് സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കേരളത്തില്‍ പിഎഫ്ഐയുടെ പ്രവര്‍ത്തനങ്ങള്‍ പല രൂപത്തില്‍ നടന്നതിന്റെ വിവരങ്ങളും എല്ലാ നിയമപരമായ അധികാരങ്ങളും കേരള സര്‍ക്കാരിന്റെ കൈവശമുണ്ട്.
എന്നിട്ടും പിഎഫ്ഐയുടെ വളര്‍ച്ചയ്ക്കു തടയിടാത്തത് എന്തുകൊണ്ടെന്ന് ഇടത് സര്‍ക്കാര്‍ വ്യക്തമാക്കണം. ഭീകരതയെ ഇല്ലാതാക്കാനും അവര്‍ക്ക് മറുപടി നല്‍കാനും ബിജെപിക്കു മാത്രമേ കഴിയൂ. 2026 മാര്‍ച്ച് ആകുമ്പോഴേക്കും നക്സല്‍ മോചിത രാജ്യമായി ഭാരതം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍, സഹപ്രഭാരി അപരാജിത സാരംഗി, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്, കെ. സുരേന്ദ്രന്, പി.കെ. കൃഷ്ണദാസ്, ദേശീയ സെക്രട്ടറി അനില്‍ കെ. ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.