മയക്കുമരുന്ന് ഗുളിക വിഴുങ്ങിയ ബ്രസീലിയൻ ദമ്പതികൾ പിടിയില്‍
Sunday, July 13, 2025 2:46 AM IST
നെടുമ്പാശേരി: ഗുളിക രൂപത്തിലാക്കി വിഴുങ്ങിയശേഷം മയക്കുമരുന്ന് കടത്തിനു ശ്രമിച്ച വിദേശ ദമ്പതികൾ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. ബ്രസീൽ സ്വദേശികളായ ലുക്കാസ, ഭാര്യ ലൂണ എന്നിവരാണു പിടിയിലായത്.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ബ്രസീലിലെ സാവോ പോളോയിൽനിന്നാണ് ഇവർ എത്തിയത്. കൊക്കെയ്നാണ് ഇവർ വിഴുങ്ങിയിരിക്കുന്നതെന്നാണ് സംശയിക്കുന്നത്.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു നടത്തിയ സ്കാനിംഗ് പരിശോധനയിലാണ് ഇവരുടെ വയറിനകത്ത് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്.
കോടികൾ വിലവരുന്ന 50 ഓളം ഗുളികകളാണ് ഓരോരുത്തരുടെയും വയറ്റിലുള്ളത്. ഇവ പുറത്തെടുക്കാനുള്ള ശ്രമം നടന്നുവരികയാണ്. ഇതുവരെ 70 ഓളം ഗുളികകൾ പുറത്തെടുത്തു.