നേര്യമംഗലം-വാളറ വനമേഖലയെന്ന് സർക്കാർ; കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പണികള്‍ വിലക്കി
Saturday, July 12, 2025 2:46 AM IST
കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ (എന്‍എച്ച് 85) നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14.5 കിലോമീറ്റര്‍ ഭാഗം വീതി കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ വിലക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്കി.
ഈ ഭാഗം വനമേഖലയില്‍ ഉള്പ്പെട്ടതാണെന്നാണു സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നതെന്നത് ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
നേര്യമംഗലം മുതല്‍ ഇടുക്കി വരെ ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലത്തെ വനഭൂമിയിലെ മരം അനുമതിയില്ലാതെ മുറിച്ചതില്‍ അന്വേഷണം നടത്തണം. റോഡ് നിര്‍മാണത്തിന് എന്ന പേരില്‍ അനുമതിയില്ലാതെ റിസര്‍വ് വനത്തിൽനിന്നു മരം മുറിച്ചത് ഗൗരവതരമാണെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
എന്‍എച്ച്എഐ ഉദ്യോഗസ്ഥരാണ് അനുമതിയില്ലെതെ മരം മുറിച്ചതെന്ന് വനംവകുപ്പ് മറുപടി നല്കി. മരം മുറി നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി ദേശീയപാതാ അഥോറിറ്റിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു.
അനുമതിയില്ലാതെ റിസര്‍വ് വനത്തിലെ മരം മുറിച്ചത് കോടതിയലക്ഷ്യമാണെന്നും ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി വിശദമായ പരിശോധന നടത്തണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഈ മേഖലയില്‍ ദേശീയപാത വീതികൂട്ടുന്ന ജോലികള്‍ നടത്തുന്നത് വിലക്കണമെന്നാവശ്യപ്പെട്ടു തൊടുപുഴ സ്വദേശി എം.എന്‍. ജയചന്ദ്രൻ നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്.
സര്‍ക്കാര്‍ നിലപാടിന് എതിരായി പ്രവര്‍ത്തിച്ച സര്‍ക്കാരിന്റെയും ദേശീയപാത അഥോറിറ്റിയുടെയും ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ബന്ധപ്പെട്ട മേഖല റിസര്‍വ് വനമാണെന്നാണ് പറയുന്നതെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. ഇവിടെ അനുമതിയില്ലാതെ വനേതര പ്രവര്‍ത്തനങ്ങൾ നടത്താനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ഹര്ജിക്കാരന് അറിയിച്ചു.