ടോറസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Saturday, July 12, 2025 1:46 AM IST
അടൂർ: എംസി റോഡിൽ വടക്കടത്തുകാവിനു സമീപം ടോറസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂവാറ്റുപുഴ രണ്ടാർകര കല്ലിക്കുടിയിൽ രാജന്റെയും (ദീപിക ഏജന്റ്) ഗിരിജയുടെയും മകൻ ജിതിൻ രാജാണ് (അമ്പാടി - 34) മരിച്ചത്.
ജിതിനൊപ്പം പിക്കപ്പിലുണ്ടായിരുന്ന മൂവാറ്റുപുഴ വേങ്ങത്താഴത്ത് കിഴക്കേക്കര ഹസൻ റാവുത്തർ (59) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.45നാണ് അപകടം.
പിക്കപ്പ് വാൻ കൊല്ലത്ത് തടിയിറക്കിയ ശേഷം തിരികെ മൂവാറ്റുപുഴയ്ക്ക് പോകുകയായിരുന്നു. അടൂരിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്നു ടോറസ്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് ഒരു തവണ റോഡിൽ വട്ടംചുറ്റി, ഇതേസമയം പിക്കപ്പ് ഒരു ഇന്നോവാ കാറിലും ഇടിച്ചു.
ഇന്നോവയിലെ യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിക്കപ്പിൽ കുടുങ്ങിപ്പോയ ജിതിൻ രാജിനെ പോലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതിൻ രാജ് മരിച്ചു. അവിവാഹിതനാണ്. സഹോദരിമാർ: ജിഷ (ജിനി), അമ്പിളി.