സോളാർ പ്ലാന്റ്: ചട്ടഭേദഗതി പിൻവലിക്കണമെന്ന് വി.ഡി. സതീശൻ
Sunday, July 13, 2025 2:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സോളാർ വൈദ്യുതി പ്ലാന്റുകളുമായി ബന്ധപ്പെട്ട പുനരുപയോഗ ഊർജ ചട്ടഭേദഗതി പിൻവലിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷനും സർക്കാരും തയാറാകണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
മൂന്ന് കിലോവാട്ട് ശേഷിയുള്ള സൗരോർജ പാളി സ്ഥാപിക്കാൻ ത്രീ ഫേസ് കണക്ഷൻ വേണമെന്നും അഞ്ച് കിലോവാട്ട് സൗരോർജം ഉത്പാദിപ്പിക്കുന്നർ 30 ശതമാനം ബാറ്ററിയിൽ സംഭരിക്കണമെന്നുമാണ് കരട് ചട്ടഭേദഗതിയിൽ നിർദേശിക്കുന്നത്.
ഇതു കൂടാതെ ഉത്പാദിപ്പിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും ഒരു രൂപ വീതം കെഎസ്ഇബിക്കു ചുങ്കം നൽകണമെന്നും മൂന്നു കിലോ വാട്ടിനു മുകളിൽ ഉത്പാദിപ്പിക്കുന്നവർക്ക് നെറ്റ് മീറ്ററിംഗ് ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇതൊന്നും അംഗീകരിക്കാനാകില്ല. ചട്ടഭേദഗതി നിലവിൽ വന്നാൽ സംസ്ഥാനത്തെ സോളാർ പ്ലാന്റുകളെല്ലാം പൂട്ടേണ്ടി വരും.
വിപണിയിൽ ലഭ്യമല്ലാത്ത രണ്ടു കന്പനികളുടെ ബാറ്ററികൾ ഉപയോഗിക്കണമെന്നു നിർദേശിക്കുന്നു. ഇതിനു പിന്നിലും അഴിമതിയുണ്ട്. വൈദ്യുതി ഉപയോക്താക്കളുടെ താത്പര്യം സംരക്ഷിക്കേണ്ട വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സ്വകാര്യ കന്പനികളെ സഹായിച്ച് അഴിമതിക്ക് അവസരമുണ്ടാക്കിക്കൊടുക്കരുത്.
വൈദ്യുതി വകുപ്പും വകുപ്പ് മന്ത്രിയും സർക്കാരും അറിയാതെ ഇത്തരമൊരു നീക്കം നടക്കുമെന്ന് കരുതാനാകില്ല. സർക്കാരും റെഗുലേറ്ററി അഥോറിറ്റിയും ജനവിരുദ്ധ തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടു.