കാരണവർ വധക്കേസ് പ്രതി ഷെറിന്റെ ജയിൽ മോചനം രണ്ടു ദിവസത്തിനകം
Saturday, July 12, 2025 2:45 AM IST
തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ ജയിൽ മോചനം രണ്ടു ദിവസത്തിനകമുണ്ടാകും. ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം അടങ്ങിയ ഫയലിൽ കഴിഞ്ഞ ദിവസം ഗവർണർ ഒപ്പിട്ട ശേഷം ഇതുസംബന്ധിച്ച വിജ്ഞാപനം ആഭ്യന്തര വകുപ്പ് ഇറക്കണം.
ഈ വിജ്ഞാപനം ജയിൽ മേധാവി വഴി ഷെറിനെ പാർപ്പിച്ചിട്ടുള്ള വനിതാ സെൻട്രൽ ജയിലിൽ എത്തിക്കുന്ന മുറയ്ക്കാണ് ഇവരുടെ മോചനം സാധ്യമാകുന്നത്. ജയിൽ മോചനത്തിന് ഗവർണറുടെ അംഗീകാരം വരുന്ന സമയം ഷെറിൻ പരോളിലായിരുന്നു. പരോൾ അവസാനിപ്പിച്ചു ജയിലിൽ കയറിയ ശേഷമാണ് ജയിൽ മോചനത്തിലേക്കു കടക്കുക.
കാരണവർ വധക്കേസിൽ ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ച ഷെറിൻ 14 വർഷം ശിക്ഷാ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് മോചിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.
25 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കുള്ള മോചന ഫയലിൽ തീരുമാനമെടുക്കാതെയാണ് ഒരു മന്ത്രിയുടെ സമ്മർദത്തെ തുടർന്ന് ഷെറിന്റെ ജയിൽ മോചന ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയതെന്ന വിമർശനം ഉയർന്നിരുന്നു.
14 വർഷത്തെ ജയിൽ ശിക്ഷാ കാലാവധിക്കിടെ ഏതാണ്ട് 500 ദിവസം ഇവർ പരോൾ ലഭിച്ചു പുറത്തായിരുന്നു.
ചെങ്ങന്നൂരിലെ ഉയർന്ന സാന്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ ഭാസ്കര കാരണവരുടെ മകന്റെ ഭാര്യയായിരുന്നു ഷെറിൻ. ഷെറിന്റെ കൂട്ടുകെട്ടുകളെയും സ്വഭാവ രീതികളെയും കാരണവർ ചോദ്യം ചെയ്തതിലെ വിരോധം നിമിത്തമാണ് കാമുകന്റെ സഹായത്തോടെ കാരണവരെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസ് കേസ്.