കെടിഡിസി ചൈത്രം ഹോട്ടൽ നവീകരണ ക്രമക്കേട്: ഉന്നതർക്കെതിരായ നടപടി താക്കീതിലൊതുങ്ങി
Sunday, July 13, 2025 2:46 AM IST
തിരുവനന്തപുരം: കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷന്റെ (കെടിഡിസി) കീഴിലെ നക്ഷത്ര പദവിയുള്ള ഹോട്ടലായ ചൈത്രം നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടിൽ കടുത്ത അച്ചടക്ക നടപടിക്കു വിജിലൻസ് ശിപാർശ ചെയ്ത രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നടപടി താക്കീതിൽ ഒതുക്കി.
നവീകരണ പ്രവർത്തനങ്ങളിലെ ക്രമക്കേടിനെ തുടർന്ന് 2.86 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയ ഗുരുതര കുറ്റകൃത്യങ്ങൾ ലഘൂകരിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.
നവീകരണ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ച എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവർക്കെതിരായ കടുത്ത ശിക്ഷയ്ക്കുള്ള നടപടിയാണ് ലഘുശിക്ഷയായ താക്കീതിൽ തീർപ്പാക്കിയത്. കോടികളുടെ നഷ്ടമെന്നു വിജിലൻസ് കണ്ടെത്തിയ ഹോട്ടൽ ചൈത്രത്തിലെ 52 മുറികളുടെ നവീകരണത്തിലെ അപാകതകളാണ് നടപടിക്ക് ഇടയായത്.
നിർമാണത്തിലെ പിഴവു മൂലം കെട്ടിടത്തിൽ വ്യാപകമായ ചോർച്ചയും ടോയ്ലെറ്റ് സംവിധാനത്തിൽ തകരാറും സംഭവിച്ചെന്ന് കെടിഡിസി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. തുടർന്ന് സർക്കാർ ശിപാർശ പ്രകാരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ട് ചെയ്തത്.
കൃത്യമായ മേൽനോട്ടമില്ലാതെയും പൊതുമരാമത്ത് മാന്വലിന് വിരുദ്ധമായി അളവുകൾ രേഖപ്പെടുത്തിയും ബില്ലുകൾ പാസാക്കി നൽകിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. നവീകരണ പ്രവൃത്തി നീണ്ടതുവഴി ഒന്പതു മാസം മുറികൾ വാടകയ്ക്ക് നൽകാൻ കഴിയാതെ വന്നതിനാൽ സർക്കാർ ഖജനാവിന് 2.86 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനാ സമയത്ത് മുറികളും ടോയ്ലെറ്റുകളും നല്ല നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ലഘൂകരിച്ചത്. തുടർന്നാണ് കഠിന ശിക്ഷ ലഘൂകരിച്ച്, 1960 ലെ കേരള സിവിൽ സർവീസസ് ചട്ടപ്രകാരം ‘താക്കീത്’ നൽകി നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.