വാക്സിൻ വിരുദ്ധ ഡോക്ടർക്ക് എതിരായ കേസുകൾ ട്രംപ് ഭരണകൂടം റദ്ദാക്കി
Monday, July 14, 2025 1:48 AM IST
വാഷിംഗ്ടൺ ഡിസി: കോവിഡ് വാക്സിനുകൾ നശിപ്പിച്ച ഡോക്ടർക്കെതിരായ കേസുകൾ പിൻവലിക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. യൂട്ടായിലെ പ്ലാറ്റിക് സർജൻ ഡോ. മൈക്കിൾ കിർക്ക് മൂർ ജൂണിയറാണു വിചാരണയിൽനിന്നു രക്ഷപ്പെട്ടത്.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് 2023ലാണ് ഇയാൾക്കെതിരേ കേസെടുത്തത്. 28,000 ഡോളറിന്റെ വാക്സിനുകൾ നശിപ്പിച്ചു, കുത്തിവയ്പ് എടുക്കാത്ത 1,900 പേർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നല്കി, മാതാപിതാക്കളുടെ ആവശ്യപ്രകാരം കുട്ടികൾക്കു വാക്സിനാണെന്നു പറഞ്ഞ് ഉപ്പുലായനി കുത്തിവച്ചു എന്നിവയായിരുന്നു ആരോപണങ്ങൾ. യുഎസ് സർക്കാരിനെ വഞ്ചിച്ചതടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞാൽ 35 വർഷം വരെ തടവുശിക്ഷ ലഭിക്കുമായിരുന്നു.
യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയാണ് ഡോക്ടർക്കെതിരായ കേസുകൾ റദ്ദാക്കാൻ ഉത്തരവിട്ടത്. വാക്സിൻ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ ജനങ്ങൾക്ക് അധികാരം നല്കുകയാണ് ഡോക്ടർ ചെയ്തതെന്നും മുൻ സർക്കാർ ഇതു ജനങ്ങൾക്കു നിഷേധിച്ചിരുന്നുവെന്നും പാം ബോണ്ടി ചൂണ്ടിക്കാട്ടി.