സെക്രട്ടേറിയറ്റ് പാമ്പ് വളർത്തൽ കേന്ദ്രമോ?
സ്വന്തം ലേഖകൻ
Monday, July 14, 2025 3:20 AM IST
തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ സുരക്ഷാ ജോലിക്കുണ്ടായിരുന്ന വനിതാ പോലീസുകാരിക്കു പാന്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പാന്പുകടിയേറ്റ വനിതാ പോലീസ് ഉദ്യോഗസ്ഥയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ നാലു മാസത്തിലധികമായി ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന് സുരക്ഷാ ജോലിയുടെ ഭാഗമായി രാത്രിയിൽ 10 വനിതാ പോലീസുകാരെ വീതം ജോലിക്കു നിയോഗിച്ചിരുന്നു. എട്ടുപേർ സമരപ്പന്തലിനോടു ചേർന്നും രണ്ടു പേർ സെക്രട്ടേറിയറ്റിന് അകത്തുമാണ് ജോലിക്കായി ഉണ്ടായിരുന്നത്. ഇതിൽ സെക്രട്ടേറിയറ്റ് വളപ്പിൽ ജോലി നോക്കിയിരുന്ന വനിതാ ഉദ്യോഗസ്ഥയ്ക്കാണ് പാന്പുകടിയേറ്റത്.
ആശാ വർക്കർമാരുടെ സമര സ്ഥലത്തിനു പിന്നിൽ സെക്രട്ടേറിയറ്റ് പരിസരത്തു വനം വകുപ്പിന്റെ സർപ്പയജ്ഞ സംഘം ഇന്നലെ നടത്തിയ പരിശോധനയിൽ പാന്പിനെ പിടികൂടി. സെക്രട്ടേറിയറ്റ് പരിസരത്തെ തൊടിയിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന പ്രദേശത്ത് ഇന്നലെ വൈകുന്നേരം ആറിനു തുടങ്ങിയ പരിശോധനയിലാണ് പാന്പിനെ പിടികൂടിയത്. പരിശോധന ഇനിയും തുടരുമെന്ന് അധികൃതർ അറിയിച്ചു.
സെക്രട്ടേറിയറ്റ് പരിസരത്തെ കാടു വെട്ടിത്തെളിക്കണമെന്നു ജീവനക്കാരുടെ സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. എന്നിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നാണു പരാതി.
കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടേറിയറ്റിലെ ഓഫീസുകളിൽ പാന്പിനെ കണ്ട സംഭവങ്ങളുമുണ്ടായിരുന്നു. പഴയ നിയമസഭാ മന്ദിരം സ്ഥിതി ചെയ്യുന്ന ഓഫീസിലും ദർബാർ ഹാളിനു പിൻവശത്തെ ഓഫിസിലുമാണ് പാന്പിനെ കണ്ടത്. ഫയലുകൾ കുന്നു കൂടിക്കിടക്കുന്നതാണ് ഓഫിസുകൾക്കുള്ളിൽ പാന്പുകൾക്കു താവളമൊരുക്കുന്നത്.