എല്ലാ വാർഡുകളിലും വികസനസമിതി രൂപീകരിക്കാൻ ബിജെപി
Monday, July 14, 2025 3:20 AM IST
തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിനായി എല്ലാ വാർഡുകളിലും ബിജെപിയുടെ വികസനസമിതി രൂപീകരിക്കാൻ നിർദേശം. ബൂത്ത്-വാർഡ് തലങ്ങളിലെ പ്രവർത്തനം ഊർജിതപ്പെടുത്താനാണ് സമിതി. വോട്ടർപട്ടികയിൽ പേരുചേർക്കുന്നത് ഉൾപ്പെടെയുള്ള പ്രാദേശിക പ്രവർത്തനങ്ങൾ വികസന സമിതിയുടെ ചുമതലയാണ്. ഓരോ വാർഡിൽനിന്നും വോട്ടർപട്ടികയിൽ പേരുചേർക്കേണ്ടവരുടെ വിവരശേഖരണം പൂർത്തിയാക്കണം.
നിലവിൽ 18,000 വാർഡുകളിൽ ഇതിനകം സമിതികളായി. ബാക്കിയുള്ളിടങ്ങളിൽ ഉടൻ രൂപീകരിക്കാനാണു നിർദേശം. വോട്ടുവിഹിതം ഇരുപതിൽനിന്ന് 25 ശതമാനമാക്കണമെന്ന് നേതൃയോഗത്തിൽ കേന്ദ്രമന്ത്രി അമിത്ഷാ നിർദേശം നൽകിയിരുന്നു.
മുൻകാലങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കേന്ദ്ര നേതൃത്വത്തിന്റെ കാര്യമായ ഇടപെടൽ ഉണ്ടായിരുന്നില്ല. ഇത്തവണ ദേശീയ നേതൃത്വത്തിലെ അമിത്ഷാതന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കംകുറിച്ചത് തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കുന്നതിൽ എത്രത്തോളം പരിഗണന നൽകുന്നു എന്നത് വ്യക്തമാക്കുന്നു. പ്രതിനിധികളുടെയും ഭരണംകിട്ടുന്ന തദ്ദേശസ്ഥാപനങ്ങളുടെയും എണ്ണം ഉയർത്തുന്ന മിഷൻ-25 നടപ്പാക്കാനാണ് കേന്ദ്രഘടകത്തിന്റെ നിർദേശം.