ധന്യന്‍ മാര്‍ ഈവാനിയോസ് ഓർമപ്പെരുന്നാൾ: തീര്‍ഥാടന പദയാത്ര ഇന്ന് കബറിടത്തിൽ
Monday, July 14, 2025 3:20 AM IST
തിരുവനന്തപുരം: ധന്യന്‍ ആര്‍ച്ച് ബിഷപ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപത്തിരണ്ടാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന തീര്‍ഥാടന പദയാത്ര ഇന്ന് വൈകുന്നേരം അഞ്ചിന് പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തിലെ കബറിടത്തില്‍ എത്തിച്ചേരും.
റാന്നി പെരുനാട്ടില്‍നിന്ന് ആരംഭിച്ച പ്രധാന തീര്‍ഥാടന പദയാത്ര ഇന്നു രാവിലെ പിരപ്പന്‍കോട് നിന്നും ആരംഭിച്ച് വേറ്റിനാട്, വട്ടപ്പാറ, അരുവിയോട്, നാലാഞ്ചിറ ബഥനി ആശ്രമം, മാര്‍ ഈവാനിയോസ് വിദ്യാനഗര്‍ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചിന് കബറിടത്തില്‍ എത്തിച്ചേരും.
മാര്‍ ഈവാനിയോസ് ജന്മഗൃഹമായ പുതിയകാവില്‍ നിന്നും ആരംഭിച്ച പദയാത്ര ഇന്നു രാവിലെ കാരംമൂടുനിന്ന് ആരംഭിച്ച് കഴക്കൂട്ടം, കാര്യവട്ടം വഴി വൈകുന്നേരം കബറില്‍ എത്തിച്ചേരും. മാര്‍ത്താണ്ഡത്തുനിന്നും പാറശാലയില്‍ നിന്നുമുള്ള പദയാത്രകളും ഇന്നു വൈകുന്നേരം കബറില്‍ എത്തിച്ചേരും. ആറിന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന.
തുടർന്ന് മെഴുകുതിരി നേര്‍ച്ച പ്രദക്ഷിണം .വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ അന്താരാഷ്ട്ര സംഘടനകളുടെയും രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെയും പ്രത്യേക ചുമതലയുള്ള സെക്രട്ടറി ആര്‍ച്ച്ബിഷപ് പോള്‍ ഗല്ലഗറും മറ്റ് മെത്രാപ്പോലീത്താമാരും നൂറുകണക്കിന് വൈദികരും സന്യസ്തരും വിശ്വാസിഗണവും കത്തിച്ച തിരികളുമായി പ്രദക്ഷിണത്തില്‍ അണിചേരും.
നാളെ രാവിലെ എട്ടിന് ആഘോഷങ്ങള്‍ ആരംഭിക്കും. കത്തീഡ്രല്‍ ഗേറ്റില്‍ ഈ വര്‍ഷത്തെ മുഖ്യാതിഥി ആര്‍ച്ച്ബിഷപ്പ് പോള്‍ ഗല്ലഗറിന് സഭയുടെ ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് അഞ്ഞൂറോളം വൈദികരും മെത്രാപ്പോലീത്താമാരും ചേർന്ന് ആഘോഷമായ വിശുദ്ധകുർബാനയും കബറിങ്കല്‍ ധൂപ പ്രാര്‍ഥനയും നേര്‍ച്ചയും നടക്കും.