നിമിഷപ്രിയയുടെ മോചനം: അടിയന്തര ഇടപെടലിനായി പ്രധാനമന്ത്രിക്കു കത്ത്
Monday, July 14, 2025 3:20 AM IST
നെടുമ്പാശേരി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ പ്രധാനമന്ത്രിക്ക് കത്ത് നൽകി. നിമിഷപ്രിയയുടെ കേസ് വളരെ സങ്കീർണവും ദാരുണവുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
നിയമപരമായി ശിക്ഷാർഹമാണെങ്കിലും വ്യക്തിപരമായ ഗുരുതര ആഘാതത്തിന്റെ സാഹചര്യത്തിലാണു കൃത്യം ചെയ്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 16 ന് വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ ഇടപെടലിന് വളരെ കുറച്ചു സമയം മാത്രമേ അവശേഷിക്കുന്നുള്ളൂ. വിഷയത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും കണക്കിലെടുത്ത് യെമൻ അധികാരികളുമായി ഉടനടി നയതന്ത്രപരമായ ഇടപെടൽ നടത്തണമെന്നും ബിജു കെ. മുണ്ടാടൻ അഭ്യർഥിച്ചു.