പ്ലാമുടിയിൽ കിണറ്റില്‍വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി
Monday, July 14, 2025 3:20 AM IST
കോതമംഗലം: പ്ലാമുടിയിൽ ജനവാസമേഖലയോടു ചേര്‍ന്ന സ്ഥലത്തെ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. ഏതാനും ദിവസങ്ങളായി കോട്ടപ്പടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഭീതി പരത്തിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിയാനയാണ് കുറുവാനപ്പാറ ഭാഗത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്.
വനപാലകരെ കിണറിനു സമീപത്തേക്ക് അടുപ്പിക്കാതെ അക്രമാസക്തമായി നിലയുറപ്പിച്ച കാട്ടാനക്കൂട്ടം ഒന്നര മണിക്കൂറോളം ചിന്നം വിളിച്ച് ബഹളമുണ്ടാക്കി.
ശനിയാഴ്ച രാത്രി 1.30ഓടെയാണ് അഞ്ചര മീറ്ററോളം ആഴമുള്ള കിണറ്റില്‍ കുട്ടിയാന വീണത്. പകുതിയിലധികം വെള്ളവും ഉണ്ടായിരുന്നു. കിണറിനു ചുറ്റും ആനക്കൂട്ടം മണിക്കൂറോളം നിലയുറപ്പിച്ചു.
2.30ഓടെ വനപാലകരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തിയെങ്കിലും ആനക്കൂട്ടം വനപാലകരെ കിണറിനു സമീപത്തേക്ക് അടുപ്പിച്ചില്ല. പലവട്ടം വനപാലര്ക്കുനേരേ തിരിയുകയും ചെയ്തു. വനപാലകര്‍ തന്ത്രപൂര്‍വം ആനക്കൂട്ടത്തെ അകറ്റിനിര്‍ത്തി ജെസിബി എത്തിച്ച് കിണറിന്റെ ഒരു വശത്തെ മണ്ണിടിച്ചാണ് കുട്ടിയാനയ്ക്ക് വഴിയൊരുക്കിയത്.
ഇന്നലെ രാവിലെ ആറോടെ കുട്ടിയാന കര കയറി. അമ്മയാനയ്ക്കരികിൽ കുട്ടിയാന എത്തിയതോടെയാണു കാട്ടാനക്കൂട്ടം കാടുകയറിയത്.