സംസ്ഥാനത്തെ 87 മത്സ്യമാര്‍ക്കറ്റുകള്‍ നിയന്ത്രിത വിപണന മേഖലകള്‍
Wednesday, July 16, 2025 1:32 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: മായം കലര്‍ന്നതും കേടായതുമായ മത്സ്യങ്ങളുടെ വില്പന വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ 87 മത്സ്യമാര്‍ക്കറ്റുകളെ സര്‍ക്കാര്‍ നിയന്ത്രിത വിപണന മേഖലകളായി വിജ്ഞാപനം ചെയ്തു.
മത്സ്യസംഭരണം, വിപണനം, ഗുണനിലവാര പരിപാലനം എന്നിവ കാര്യക്ഷമമാക്കുന്നതിനായി 2021-ലെ കേരള മത്സ്യസംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും ആക്ടിന്റെ (2021ലെ 16-ാം ആക്ട്) 3-ാം വകുപ്പിലെ (1)ാം ഉപവകുപ്പ് പ്രകാരമുള്ള അധികാരം വിനിയോഗിച്ചുകൊണ്ടാണ് നടപടി. ഉദേശ്യലക്ഷ്യം ഉറപ്പുവരുത്താനായി സംസ്ഥാനതല മത്സ്യ ഗുണനിലവാര പരിപാലന സമിതിക്കും രൂപം നല്കി.
തിരുവനന്തപുരം-20, കൊല്ലം-18, പത്തനംതിട്ട-4, ആലപ്പുഴ-8, കോട്ടയം-4, എറണാകുളം-10, തൃശൂര്‍-5, പാലക്കാട്-1, മലപ്പുറം-3, കോഴിക്കോട്-2, വയനാട്-2, കണ്ണൂര്‍-5, കാസര്‍കോഡ് -2 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും വിജ്ഞാപനം ചെയ്ത മാര്‍ക്കറ്റുകളുടെ എണ്ണം. മത്സ്യ ലേലം, സംഭരണം, വിപണനം എന്നിവ നിയന്ത്രിക്കാനും ശുചിത്വവും കാര്യക്ഷമവുമായ ലേലവും വിപണനവും പ്രോത്സാഹിപ്പിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും മത്സ്യ ഗുണനിലവാര സമിതിക്ക് ഇടപെടാന്‍ കഴിയും.
ഫിഷറീസ് ഡയറക്ടറാണു ഗുണനിലവാര സമിതിയുടെ ചെയര്‍പേഴ്സണ്‍. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍, ചീഫ് ഗവണ്മെന്റ് അനലിസ്റ്റ്, കൊച്ചി വില്ലിംഗ്ടണ്‍ ഐലൻഡിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ.എ. സൈനുദീന്‍ എന്നിവര്‍ സമിതി അംഗങ്ങളും ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ (പ്രോജക്ട്) മെമ്പര്‍ സെക്രട്ടറിയുമാണ്.
മായം കലര്‍ന്ന മത്സ്യവില്പന തടയാന്‍ 2022 ഏപ്രില്‍ 18 മുതല്‍ ഓപ്പറേഷന് ‘മത്സ്യ’പദ്ധതിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്ത് എത്തിയിട്ടും സംസ്ഥാനമൊട്ടാകെയുള്ള മാര്‍ക്കറ്റുകളില്‍ ഇപ്പോഴും രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യവില്പന നടക്കുന്നുണ്ട്.
ചെക്ക്പോസ്റ്റുകളില്‍ പരിശോധനയ്ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പറയുമ്പോഴും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ കൂടുതലായും കേരള വിപണിയില്‍ എത്തുന്നത്.