എന്‍ജിനിയറിംഗ് പ്രവേശനത്തിൽ ഹൈക്കോടതി ഉത്തരവ് ; ഓഗസ്റ്റ് രണ്ടുവരെ ഓപ്ഷന് അവസരം
Wednesday, July 16, 2025 1:51 AM IST
കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള എന്‍ജിനിയറിംഗ് കോളജുകളിൽ പ്രവേശനത്തിന് ഓപ്ഷന് നല്‍കാനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ടിലേക്കു നീട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഈമാസം 18 ആയിരുന്നു അവസാന തീയതി.
പുതിയ കോഴ്സുകള്‍ എഐസിടിഇ അംഗീകരിച്ച് ഉത്തരവായിട്ടും സര്‍വകലാശാലയുടെ അഫിലിയേഷന് വൈകുകയാണെന്ന് ആരോപിച്ചു കാഞ്ഞിരപ്പള്ളി അമല്ജ്യോതിയടക്കം ഒരുകൂട്ടം സ്വാശ്രയ കോളജുകള്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണു ജസ്റ്റീസ് ഡി.കെ. സിംഗിന്റെ ഉത്തരവ്.
ഹര്‍ജിക്കാരുടെ കോളജ് നിലവിലുള്ള കോഴ്സുകളിലെ സീറ്റുകള്‍ വര്‍ധിപ്പിക്കാനും പുതിയ കോഴ്സുകള്‍ ആരംഭിക്കാനുമായി യൂണിവേഴ്സിറ്റിയുടെ അനുമതിയോടെ എഐസിടിഇയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
നിലവിലുള്ള കോഴ്സുകളിലെ സീറ്റുകള്‍ വര്‍ധിപ്പിക്കാനും ചില പുതിയ കോഴ്സുകള്‍ അനുവദിക്കാനും എഐസിടിഇ അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍, സര്‍വകലാശാല ഇതുവരെ ഈ വര്‍ധിപ്പിച്ച സീറ്റുകള്‍ക്കും പുതിയ കോഴ്സുകള്‍ക്കും അഫിലിയേഷന് നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഈ മാസം 23നകം സര്‍വകലാശാല ഇന്സ്പെക്ഷന് ടീമിനെ നിയോഗിച്ച് 31നകം കോളജുകളുടെ അപേക്ഷകളില്‍ തീരുമാനമെടുക്കാനും കോടതി ഉത്തരവിട്ടു.
സര്‍വകലാശാല താത്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവില്‍ വിസിമാര്‍ നയപരമായ തീരുമാനമെടുക്കുന്നതു വിലക്കിയിരുന്നു. ഈ ഉത്തരവിന്റെ പേരിലാണ് സര്‍വകലാശാല അഫിലിയേഷൻ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം വൈകിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കോഴ്സുകളുടെ അഫിലിയേഷന് നയപരമായ തീരുമാനത്തില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉത്തരവില്‍ത്തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.