ഹൈക്കോടതി ഉത്തരവിനെതിരേ ഗവർണർ സുപ്രീംകോടതിയിലേക്ക്
Wednesday, July 16, 2025 1:51 AM IST
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരേ ഗവർണർ ആർ.വി. അർലേക്കർ സുപ്രീംകോടതിയിലേക്ക്.
ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുന്നതു സംബന്ധിച്ചു ഗവർണർ മുതിർന്ന നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിവരികയാണ്. ഏതാനും ദിവസത്തിനകം ഗവർണർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നാണു വിവരം.
വൈസ് ചാൻസലർ നിയമനം സർക്കാരിന്റെ പാനലിൽ നിന്നല്ലാതെ പാടില്ലെന്ന ഉത്തരവിനെയാണ് ഗവർണർ സുപ്രീംകോടതിയിൽ ചോദ്യംചെയ്യുക. താത്കാലിക വിസിമാർക്ക് സ്ഥിരം വിസിമാർക്കുള്ള യുജിസി യോഗ്യത ആവശ്യമില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.
താത്കാലികക്കാർക്കും യുജിസി യോഗ്യതയുണ്ടാകണമെന്നും ഗവർണറുടെ അപ്പീലിൽ സൂചിപ്പിക്കും. യുജിസി യോഗ്യതയില്ലാതെ നിയമിച്ച ബിഹാറിലെ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടും.
യുജിസി മാനദണ്ഡവും സുപ്രീംകോടതി ഉത്തരവും അനുസരിച്ച് ചാൻസലർക്കാണ് വിസി നിയമനത്തിന് അധികാരമെന്നും സർക്കാരിന് ഇതിൽ പങ്കില്ലെന്നും ചൂണ്ടിക്കാട്ടി പ്രത്യേകാനുമതി ഹർജി നൽകുന്നതും പരിഗണനയിലുണ്ട്. രണ്ടു വിസിമാരെ പുറത്താക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേയും ആവശ്യപ്പെടും.
കണ്ണൂർ വിസിയായിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയുള്ള ഉത്തരവിൽ, സർക്കാരിന്റേത് അടക്കം ഒരു തരത്തിലുള്ള ഇടപെടലും വിസി നിയമനത്തിലുണ്ടാകരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം ചാൻസലർക്കു സ്വതന്ത്രസ്വഭാവത്തോടെ സ്വന്തം അധികാരമുപയോഗിച്ച് വിസിമാരെ നിയമിക്കാമെന്നും അപ്പീലിൽ ഗവർണർ വ്യക്തമാക്കും.