യുവാക്കളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ച നേതാവ്: ചെന്നിത്തല
Thursday, July 17, 2025 12:07 AM IST
തിരുവനന്തപുരം: കോൺഗ്രസിലെ സൗമ്യ മുഖമായിരുന്നു എന്നും പദ്മരാജൻ വക്കീൽ എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആരോടും പരിഭവമോ പിണക്കമോ വച്ചു പുലർത്തിയിരുന്നില്ല.
1978ൽ പാർട്ടിയിലുണ്ടായ പിളർപ്പിനു ശേഷം ഇരുപക്ഷത്തെയും ഒരുമിച്ചുനിർത്താൻ പത്മരാജൻ വക്കീൽ കാണിച്ച വൈഭവം ചെറുതല്ല. ലീഡർ കെ. കരുണാകരനെയും എ.കെ. ആന്റണിയെയും തന്റെ ഇരുവശത്തുമിരുത്തിയാണ് 1982 മുതൽ പാർട്ടിയെ നയിച്ചത്.
പാർട്ടിയിൽ താഴേത്തട്ടു മുതൽ തുടങ്ങിയ പ്രവർത്തനം അദ്ദേഹം കെപിസിസി പ്രസിഡന്റ് ,മന്ത്രി, ആക്റ്റിംഗ് മുഖ്യമന്ത്രി, തുടങ്ങിയ നിലകളിലെല്ലാം തിളങ്ങി. അധ്യാപകനെന്ന നിലയിലും അഭിഭാഷകനെന്ന നിലയിലും പ്രഫഷണൽ രംഗത്തും മികവു പുലർത്താൻ അദ്ദേഹത്തിനു കഴിഞ്ഞതായും ചെന്നിത്തല അനുസ്മരിച്ചു.