അപകടകാരണമായത് കുട്ടിയുടെ കുഴപ്പമെന്ന് മന്ത്രി ചിഞ്ചുറാണി
Friday, July 18, 2025 2:42 AM IST
തൃപ്പൂണിത്തുറ: തേവലക്കര സ്കൂളിൽ സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിയ മിഥുൻ എന്ന വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ അപകടത്തിനു കാരണമായത് കുട്ടിയുടെ കുഴപ്പമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറയിൽ നടന്ന വനിതാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടയിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്.
""അധ്യാപകരുടെ കുഴപ്പമൊന്നുമല്ല. നമ്മുടെ കുഞ്ഞുങ്ങൾ കളിച്ചുകളിച്ച് ഇതിന്റെ മുകളിലൊക്കെ ചെന്നുകയറുമ്പോൾ ഇത്രയും ആപത്കരമായ സംഭവങ്ങൾ ഉണ്ടാകുമോയെന്ന് നമുക്കറിയുമോ? ഒരുപക്ഷേ അധ്യാപകരെ നമുക്ക് കുറ്റം പറയാൻ പറ്റില്ല. അവിടെ കയറരുതെന്ന് സഹപാഠികൾ പറഞ്ഞിട്ടുപോലും അവൻ അതിനകത്ത് വലിഞ്ഞുകയറിയെന്നാണ് നമുക്ക് അറിവ് ലഭിച്ചത്''- മന്ത്രി പറഞ്ഞു.