മഴയൊഴിഞ്ഞ കർക്കടകപ്പുലരിയിൽ പൂരനഗരിക്ക് ആനച്ചന്തം
Friday, July 18, 2025 2:42 AM IST
തൃശൂർ: വടക്കുന്നാഥക്ഷേത്രാങ്കണത്തിൽ കർക്കടകപ്പുലരിയിൽ നടന്ന ആനയൂട്ട് കാണാൻ ആയിരങ്ങളെത്തി. മഴ ഒഴിഞ്ഞുനിന്നതുകൊണ്ട് ആളുകൾക്ക് ആനയൂട്ട് കാണാനും ആനകളെ ഊട്ടാനും സൗകര്യമായി.
ക്ഷേത്രം മേൽശാന്തി ചെരുമുക്ക് ശ്രീരാജ് നാരായണൻ പൂതൃക്കോവിൽ സാവിത്രിയെന്ന പിടിയാനയ്ക്ക് ആദ്യ ഉരുള നൽകിയതോടെയാണ് ആനയൂട്ടിനു തുടക്കമായത്. എല്ലാ വർഷവും നടത്തുന്ന അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും ഇത്തവണ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശങ്കരനാരായണൻ നന്പൂതിരിപ്പാട്, പുലിയന്നൂർ ജയന്തൻ നന്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് നടത്തിയത്.
നാലു വർഷത്തിലൊരിക്കൽ നടത്താറുള്ള ഗജപൂജയും ഇത്തവണയുണ്ടായിരുന്നു. പ്രത്യേകം തയാറാക്കിയ പന്തലിൽ കരിന്പടംവിരിച്ച് അഞ്ചാനകളെ വീതം മഞ്ഞപ്പട്ടണിയിച്ച് ഇരുത്തി പൂജിച്ചുകൊണ്ടായിരുന്നു ഗജപൂജ. ആനയൂട്ടിൽ പങ്കെടുത്ത 63 ആനകളെയും പൂജിച്ചു.
ഊട്ടിനെത്തിയ ആനകളിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയതു പിടിയാനകളായിരുന്നു. തിരുവന്പാടി ലക്ഷ്മിക്കുട്ടി, പൂതൃക്കോവിൽ സാവിത്രി, ചെറുകോൽ മഹാലക്ഷ്മിപാർവതി, പെരുന്പറന്പ് കാവേരി, നന്പ്യാങ്കാവ് ശ്രീപാർവതി, പള്ളിക്കൽ മിനിമോൾ, പള്ളിക്കൽ മോട്ടി, പെരുന്ന ശ്രീവള്ളി, തൊട്ടേക്കാട് കുഞ്ഞുലക്ഷ്മി എന്നീ പിടിയാനകളാണ് ആനപ്രേമികളുടെ മനം കവർന്നത്.
ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് രവീന്ദ്രൻ, മെന്പർ അഡ്വ. അജയൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, തൃശൂർ മേയർ എം.കെ. വർഗീസ്, ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്, ഗുരുവായൂർ ദേവസ്വം പ്രസിഡന്റ് വി.കെ. വിജയൻ തുടങ്ങി നിരവധിപേർ പങ്കെടുത്തു. ചടങ്ങിനുശേഷം 10,000 പേർക്ക് അന്നദാനവും ഉണ്ടായിരുന്നു.