ജാനകി വി. കാണാൻ സുരേഷ്ഗോപിയെത്തി
Friday, July 18, 2025 2:42 AM IST
തൃശൂർ: ഏറെ വിവാദങ്ങൾക്കൊടുവിൽ റിലീസായ ‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ ആദ്യപ്രദർശനം കാണാൻ സിനിമയിലെ നായകൻകൂടിയായ കേന്ദ്രസഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്ഗോപിയെത്തി.
ഇന്നലെ രാവിലെ വടക്കുന്നാഥക്ഷേത്രാങ്കണത്തിൽ നടന്ന ആനയൂട്ടിൽ പങ്കെടുത്തശേഷമാണ് സുരേഷ്ഗോപിയും മകൻ ഗോകുലും ഫാൻസ് അസോസിയേഷൻ അംഗങ്ങളും സിനിമയുടെ അണിയറപ്രവർത്തകരും തൃശൂർ രാഗം തിയറ്ററിലെത്തിയത്. വൻകരഘോഷത്തോടെ ആരാധകർ നടനെ വരവേറ്റു.
കേന്ദ്രസഹമന്ത്രിയായശേഷം ആദ്യമായി വരുന്ന ചിത്രമാണ് ജാനകിയെന്ന് സുരേഷ്ഗോപി മാധ്യമങ്ങളോടു പറഞ്ഞു. ഇതൊരു തട്ടുപൊളിപ്പൻസിനിമയല്ല, വലിയൊരു വിഷയം ചർച്ചചെയ്യുന്ന സിനിമയാണ്. ദേശീയ സ്ത്രീശക്തീകരണനയത്തിൽ പുതിയ ഏടുകൾ എഴുതിച്ചേർക്കുന്ന ചിത്രമായിരിക്കും ഇത്. വലിയൊരു പോയിന്റർ ഈ സിനിമയിലുണ്ട്. എല്ലാവരെയും ചിന്തിപ്പിക്കുന്ന സിനിമയാണിത്. ജാനകി വിദ്യാധരന്റെ ശബ്ദം ഈ നാട്ടിലെ സ്ത്രീകളുടെ, പ്രത്യേകിച്ച് കൊച്ചുപെണ്കുട്ടികളുടെ ശബ്ദമായി മാറും.
സ്ത്രീസുരക്ഷയ്ക്കായി നിയമനിർമാണം മാത്രം പോരാ, അതു നടപ്പിലാക്കുന്നതിലും ശരിയായ നടപടിവേണമെന്ന താക്കീതോടെയുള്ള ഒരു സിനിമയാണിതെന്നാണ് ഞാൻ കരുതുന്നതെന്നും സുരേഷ്ഗോപി കൂട്ടിച്ചേർത്തു.