കഴിഞ്ഞ ഒരു വർഷത്തിനിടെ ഷോക്കേറ്റ് പൊലിഞ്ഞത് 241 ജീവൻ
Friday, July 18, 2025 2:42 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തിനിടെ വൈദ്യുതി കന്പികളിൽ നിന്ന് ഷോക്കേറ്റ് അടക്കം സംസ്ഥാനത്തു പൊലിഞ്ഞത് 241 ജീവൻ.
ഇതിൽ കൂടുതൽ അപകടങ്ങളും പൊതു ഇടങ്ങളിലാണുണ്ടായത്. പൊട്ടിക്കിടക്കുന്നതും താഴ്ന്നു കിടക്കുന്നതുമായ വൈദ്യുതി ലൈനിൽ ചവിട്ടിയും അശ്രദ്ധമായും അപകടകരമായും ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചതും മൂലമാണ് കൂടുതൽ ഷോക്കേറ്റു മരണങ്ങളുമുണ്ടായത്.
2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ചു ഷോക്കേറ്റു മരിച്ചവ 241 പേരിൽ 222 പേരും പൊതുജനങ്ങളാണ്.
ഒൻപത് കെഎസ്ഇബി ജീവനക്കാരും 10 കരാർ ജോലി ചെയ്യുന്നവരും ഷോക്കേറ്റു മരിച്ചതായും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇരുന്പ് തോട്ടിയും ഏണിയും വൈദ്യുതി ലൈനുകളിൽ തട്ടിയതുമൂലമുണ്ടായ അപകടങ്ങൾ തുലോം തുച്ഛമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 105 പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
അപകടകരമായ വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടാനും ലൈനുകൾ മാറ്റി സ്ഥാപിക്കാനും ഉപയോക്താക്കൾ അപേക്ഷ നൽകിയാലും സാങ്കേതികവും സാന്പത്തികവുമായ കാരണങ്ങൾ പറഞ്ഞു കെഎസ്ഇബി അധികൃതർ ഇവ സമയോചിതമായി നടപ്പാക്കാത്തതാണ് വൈദ്യുതി അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നത്. അപകടകരമായ സ്ഥലങ്ങളിലെ മരച്ചില്ലകൾ മുറിച്ചു മാറ്റാത്തതും അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നു.
കെഎസ്ഇബി ഓഫീസുകളിൽ യൂണിയനുകളുടെ അതിപ്രസരമായ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങളും കാര്യമായി നടപ്പാക്കാത്തതും ജനങ്ങളുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കുന്നു.
ഉപയോക്താക്കൾ വീടുകളിലും പരിസരങ്ങളിലുമുണ്ടായ വൈദ്യുതി അപകടങ്ങളിൽ 126 പേർ മരിച്ചു. ഇലക്ട്രിക് കന്പികളുമായും ഉപകരണങ്ങളുമായും അബദ്ധത്തിൽ തൊട്ടതിനെ തുടർന്ന് 126 ജീവനുകളും പൊലിഞ്ഞു.
അറ്റകുറ്റപ്പണികളുടെ അഭാവവവും അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നു. കന്പിയും പോസ്റ്റും മാറ്റി സ്ഥാപിക്കുന്നതിന് സ്വകാര്യ കരാറുകാർക്കാണ് ചുമതല. പലപ്പോഴും സാങ്കേതിക വൈദഗ്ധ്യമില്ലാത്തവരാണ് കെഎസ്ഇബിയുടെ ഇത്തരം കരാർ ജോലികൾ ഏറ്റെടുക്കുന്നതെന്ന പരാതിയും വ്യാപകമാണ്.