സര്‍ക്കാര്‍ മതനിരാസത്തിന് പ്രചാരം കൊടുക്കുന്നു: കത്തോലിക്ക കോണ്‍ഗ്രസ്
Friday, July 18, 2025 2:42 AM IST
കൊച്ചി: സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണവും സമയക്രമവും വിവാദമാക്കി വഴി തിരിച്ചുവിട്ട് സര്‍ക്കാര്‍ മതനിരാസം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.
സ്കൂളുകളില്‍ മതപരമായ പ്രാർഥനകള്‍ ഒഴിവാക്കണമെന്നു പറയുന്ന വിദ്യാഭ്യാസ മന്ത്രി മൂല്യബോധമുള്ള തലമുറയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണ്.
ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് സര്‍ക്കാര്‍ രൂപീകരിക്കേണ്ട നയങ്ങളില്‍ വിവാദത്തിന് അനാവശ്യ സാഹചര്യം ഒരുക്കുകയും അതിന്റെ മറവില്‍ പ്രാർഥനകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയുമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശപ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവരുടെ സംസ്കാരം പ്രചരിപ്പിക്കാന്‍ അവകാശമുണ്ട്.
ക്രിസ്മസും ഓണവുമൊക്കെ മതപരമായ അവധിയാണെന്നു വിവാദങ്ങളിലൂടെ രഹസ്യമായി പ്രചരിപ്പിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും കത്തോലിക്ക കോൺഗ്രസ് നേതൃയോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി.