ഹൈക്കോടതി വിസിയുടെ വിശദീകരണം തേടി
Friday, July 18, 2025 2:42 AM IST
കൊച്ചി: കേരള സര്‍വകലാശാലാ ആസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതും സംഘര്‍ഷമുണ്ടാക്കുന്നതും വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി വൈസ് ചാന്‍സലറുടെ വിശദീകരണം തേടി.
കാമ്പസിനുള്ളില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനുള്ള ചുമതല സര്‍വകലാശാലാ ആക്ട് പ്രകാരം വിസിക്കാണെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
രജിസ്ട്രാറെ വിസി നീക്കിയതും സിന്‍ഡിക്കറ്റ് പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കാമ്പസ് സംഘര്‍ഷഭരിതമാണെന്ന് ഹര്‍ജിക്കാരനായ കെ.എന്‍. രമേഷ്കുമാര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ വിദ്യാര്ഥിവിഭാഗത്തെ ഉപയോഗിച്ചാണു സ്ഥിതി കലുഷിതമാക്കുന്നത്. ഇതു സര്‍വകലാശാലയുടെ അക്കാദമിക് നിഷ്പക്ഷതയെ ബാധിച്ചതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, തടസങ്ങളുണ്ടാക്കിയത് ആരാണെന്നും എപ്പോഴാണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. വാദങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ഹര്‍ജിക്കാരനോട് നിർദേശിച്ചു.