ആണവ ചർച്ച പുനരാരംഭിക്കണം: ഇറാനോട് യൂറോപ്യൻ ശക്തികൾ
Saturday, July 19, 2025 12:14 AM IST
പാരീസ്: ആണപദ്ധതികൾ ചുരുക്കാനുള്ള ചർച്ചയ്ക്ക് ഉടൻ തയാറായില്ലെങ്കിൽ ഇറാനുമേൽ യുഎൻ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുമെന്ന് യൂറോപ്യൻ ശക്തികൾ.
ഓഗസ്റ്റ് അവസാനിക്കുന്നതിനു മുന്പായി ഇക്കാര്യത്തിൽ വ്യക്തമായ നടപടികൾ ഉണ്ടാകണമെന്നാണു ഫ്രാൻസ്, ബ്രിട്ടൻ, ജർമനി വിദേശകാര്യ മന്ത്രിമാരും യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവിയും ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിക്കു മുന്നറിയിപ്പു നല്കിയത്. ഇറാൻ ഉടൻ നയതന്ത്രവഴിയിലേക്കു മടങ്ങിയെത്തണമെന്നാണു യൂറോപ്യൻ ശക്തികളുടെ ആവശ്യം.
അതേസമയം, ഭീഷണി തള്ളിക്കളയുന്നതായി അബ്ബാസ് അരാഗ്ചി സോഷ്യൽ മീഡിയയിൽ അറിയിച്ചു. ഇറാനുമായുള്ള ആണവചർച്ചയിൽനിന്നു പിന്മാറി ആക്രമണം നടത്തിയത് അമേരിക്കയാണെന്നു യൂറോപ്യൻ മന്ത്രിമാരെ അദ്ദേഹം ഓർമിപ്പിച്ചു. യൂറോപ്യൻ നേതാക്കൾ സമ്മർദത്തിന്റെയും ഭീഷണിയുടെയും മാർഗങ്ങൾ ഉപേക്ഷിച്ച് ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും അരാഗ്ചി ആവശ്യപ്പെട്ടു.
2015ൽ വൻശക്തികളുമായി ഉണ്ടാക്കിയ ആണവകരാറിന്റെ അടിസ്ഥാനത്തിലാണ് ഇറാനെതിരായ യുഎൻ ഉപരോധങ്ങൾ പിൻവലിച്ചത്. 2018ൽ അമേരിക്ക കരാറിൽനിന്നു പിന്മാറിയതോടെ കരാർ തകർന്നിരുന്നു.