റഷ്യക്ക് കടുത്ത ഉപരോധവുമായി യൂറോപ്യൻ യൂണിയൻ
Saturday, July 19, 2025 12:14 AM IST
ബ്രസൽസ്: റഷ്യയുടെ എണ്ണ, വാതക വരുമാനം തടയാൻ ലക്ഷ്യമിടുന്ന പുതിയ ഉപരോധങ്ങൾക്ക് യൂറോപ്യൻ യൂണിയൻ അംഗീകാരം നല്കി. യക്രെയ്നെ ആക്രമിക്കുന്നതിന്റെ പേരിൽ യൂറോപ്യൻ യൂണിയൻ റഷ്യക്കെതിരേ പ്രഖ്യാപിക്കുന്ന പതിനെട്ടാം ഉപരോധമാണിത്.
റഷ്യൻ ക്രൂഡ് ഓയിലിനു ജി-7 നിശ്ചയിച്ച 60 ഡോളർ വിലപരിധി 47.6 ഡോളറായി താഴ്ത്താനുള്ള നിർദേശമാണ് ഉപരോധങ്ങളിൽ ഏറ്റവും പ്രധാനം. റഷ്യക്കെതിരായ ഏറ്റവും ശക്തമായ നടപടിയാണിതെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കായാ കല്ലാസ് പറഞ്ഞു.
റഷ്യൻ എണ്ണ കടത്താൻ ഉപയോഗിക്കുന്ന 105 കപ്പലുകൾക്കും ഉപരോധമുണ്ടാകും. നിലവിലുള്ള ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന ചൈനീസ് ബാങ്കുകളും നടപടി നേരിടുമെന്നു കായാ കല്ലാസ് വ്യക്തമാക്കി.
പുതിയ ഉപരോധങ്ങൾ ഉചിതമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി പ്രതികരിച്ചു.
അതേസമയം, ഉപരോധങ്ങൾ റഷ്യയെ കാര്യമായി ബാധിച്ചേക്കില്ല. 2022 ഡിസംബറിലാണു റഷ്യൻ ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 60 ഡോളറായി ജി-7 രാജ്യങ്ങൾ നിശ്ചയിച്ചത്.
റഷ്യയെ സഹായിക്കുന്ന ഷിപ്പിംഗ്, ഇൻഷുറൻസ് സ്ഥാപനങ്ങൾക്കുമേൽ ഉപരോധം ചുമത്തിയാണ് വിലപരിധി നടപ്പാക്കാൻ ശ്രമിച്ചത്. എന്നാൽ, ഈ നീക്കം കാര്യമായ ഗുണം ചെയ്തില്ല.